തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിനുള്ളിൽ കെഎസ്‌യുവിന്‍റെ പ്രതിഷേധം. പ്രവർത്തകർ സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടി കടന്ന് നോര്‍ത്ത് ബ്ലോക്കിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പിലെത്തി. ഇവരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കെ എസ് യു സംസ്ഥാന സെക്രട്ടറി അനുലോലച്ചൻ, ശിൽപ , അരുൺ രാജ്, അലോഷ്യസ് കെ.സേവ്യർ, ആനന്ദ് കെ.ഉദയൻ എന്നിവരാണ് അറസ്റ്റിലായത്.
സെക്രട്ടേറിയറ്റിനുള്ളിൽ കെഎസ്‌യു പ്രതിഷേധം - കെഎസ്‌യു
ഒരു പെണ്‍കുട്ടിയടക്കം അഞ്ച് പേരാണ് പ്രതിഷേധത്തിന് എത്തിയത്
ഈ സമയം പ്രധാന വാതിലില്‍ സുരക്ഷ പരിശോധനക്ക് നിയോഗിച്ച ഒരു വനിത പോലീസ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ വനിത പൊലീസ് എത്തിയാണ് ശില്‍പയെ അറസ്റ്റ് ചെയ്ത് നീക്കിയത്. എആര്‍ ക്യാമ്പിലേക്കാണ് പ്രതിഷേധക്കാരെ മാറ്റിയത്. അറസ്റ്റ് ചെയ്ത ശില്‍പയുള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം ഏറ്റെന്നും ഇവര്‍ക്ക് ചികിത്സ നല്‍കുന്നില്ലെന്നും ആരോപിച്ച് എംഎല്‍എമാരായ പി ടി തോമസ്, എം വിന്‍സന്‍റ് തുടങ്ങിയവര്‍ ക്യാമ്പിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെ വൈദ്യപരിശോധനക്ക് കൊണ്ടു പോയതോടെയാണ് എംഎല്‍എമാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരമനുഷ്ഠിക്കുന്ന സമരപന്തലിന് പുറകുവശത്തെ മതില്‍ ചാടികടന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നത്. അഞ്ച് പ്രവര്‍ത്തകരാണ് അതീവ സുരക്ഷാ മേഖലയില്‍ പ്രതിഷേധവുമയെത്തിയത്. മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത പ്രതിഷേധം.