പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻസർക്കാർ തീരുമാനം. സമരം നടത്തിവന്ന എംപാനൽ കൂട്ടായ്മയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇതോടെ 47 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം ജീവനക്കാർ അവസാനിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് ചർച്ചക്ക്ക്ഷണിച്ചു കൊണ്ട് ഗതാഗത മന്ത്രിയുടെ ഓഫീസിൽ നിന്ന് സമരം നടത്തുന്ന എംപാനൽ കൂട്ടായ്മക്ക് അറിയിപ്പ് ലഭിക്കുന്നത്. തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെ കൂട്ടായ്മ പ്രതിനിധികൾ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍റെ ചേംബറിൽ എത്തി ചർച്ച നടത്തി. കോടതിയലക്ഷ്യം ക്ഷണിച്ചു വരുത്താതെ എംപാനലുകാരെ തിരികെ എടുക്കാം എന്ന സമീപനം തുടക്കം മുതലേ ഗതാഗതമന്ത്രി സ്വീകരിച്ചിരുന്നു. കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാരുടെ ലീവ് ഒഴിവിൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.