തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് ശക്തി കുറയുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ സാധാരണ നിലയിലായിരിക്കുമെന്നും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമായി ചുരുങ്ങി. കണ്ണൂരിൽ പതിനെട്ടിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കുറയുന്നു; ഇനി ഒറ്റപ്പെട്ട മഴക്ക് സാധ്യത - Yellow alert
കാലവർഷത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തിൽ മഴ കുറഞ്ഞത്. സംസ്ഥാനത്തുടനീളം തെളിഞ്ഞ കാലാവസ്ഥയാണ് ഇന്ന് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തു. അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം തുടരുകയാണ്.
എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും മലബാർ മേഖലയിലും കടൽക്ഷോഭത്തെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാത്രി 11.30 വരെ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള തീരപ്രദേശങ്ങളിൽ മൂന്ന് മുതൽ 3.9 മീറ്റർ വരെ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.