ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജെഡിഎസിനുളളിൽ പൊട്ടിത്തെറി. എൽഡിഎഫ് വിടണമെന്നും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിൽ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു. മുന്നണി വിടില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ ജോസ് തെറ്റയിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകണമെന്ന് നേരത്തെ തന്നെ ജെഡിഎസ്സിനുള്ളിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ സീറ്റില്ലെന്ന് ഉറപ്പിച്ച ശേഷം പാർട്ടി നേതൃത്വം അത് അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് നിലപാടെടുത്തതാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ കെ കൃഷ്ണൻകുട്ടി അടക്കമുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. സീറ്റ് ലഭിക്കാത്തത് പാർട്ടിക്ക് അപമാനമാണെന്നും മുന്നണി വിട്ട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.