തിരുവനന്തപുരം: ഇന്ന് രാത്രി 11.30 വരെ കാസർകോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മൂന്ന് മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.
കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ് - കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം.
![കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3554699-thumbnail-3x2-sea.jpg)
കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ ഏഴ് മണി മുതൽ 10 മണി വരെയും വൈകീട്ട് ഏഴ് മണി മുതൽ എട്ട് മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശ വാസികൾ ജാഗ്രത പാലിക്കാനും നിർദേശം.
പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.