ചൂട് കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് സൂര്യതാപമേറ്റത് 36 പേര്‍ക്ക്
സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് സൂര്യതാപമേറ്റത്
സംസ്ഥാനത്ത് ഇന്ന് 36 പേര്‍ക്ക് സൂര്യതാപമേറ്റതായിആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അപകടം പറ്റിയത്. കൊല്ലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരുൾപ്പെടെ നിരവധി പേർക്ക് സൂര്യതാപമേറ്റു. സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ നേരിട്ട് വെയില്‍ കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കും. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 41 ഡിഗ്രി സംസ്ഥാനത്ത് ഈ വർഷത്തെ ഉയർന്ന താപനിലയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രി എത്തുന്നത്.