കേരളം

kerala

പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ സംവിധാനത്തില്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി

By

Published : Jun 1, 2019, 7:43 PM IST

Updated : Jun 1, 2019, 8:31 PM IST

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനെ തുടർന്നാണ് സർക്കാർ ഉത്തരവ്

ഫയൽ ചിത്രം

തിരുവനന്തപുരം:സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴിലാക്കാൻ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി സർക്കാർ ഉത്തരവിറങ്ങി. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.പ്രതിപക്ഷ അധ്യാപക സംഘടനകളുടെ എതിർപ്പ് തുടരുന്നതിനിടെയാണ് സർക്കാർ ഉത്തരവ്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിന് സർക്കാർ അംഗീകാരം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ എന്ന പൊതു സംവിധാനത്തിന് കീഴിലാകും. വിവിധ പരീക്ഷ ബോർഡുകൾ ഏകീകരിച്ച് കമ്മീഷണർ ഫോർ ഗവൺമെന്‍റ് എക്സാമിനേഷൻ എന്ന സംവിധാനം നിലവിൽവരും. ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷന് തന്നെയാണ് ഇതിന്റെയും ചുമതല.

ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്കൂളുകളിലെ മേധാവി പ്രിൻസിപ്പൽ ആയിരിക്കും. നിലവിലുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എന്നത് വൈസ് പ്രിൻസിപ്പൽ എന്ന് പുനർനാമകരണം ചെയ്യും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം നിലവിൽ കൊണ്ടുവരും വരെ നിലവിലെ സംവിധാനം തുടരും. പ്രിൻസിപ്പലിന്‍റെയും വൈസ് പ്രിൻസിപ്പലിന്‍റെയും ചുമതലകൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെ ചുമതലപ്പെടുത്തിയതായി ഉത്തരവ് വ്യക്തമാക്കുന്നു.

ഹയർസെക്കൻഡറി ഏകീകരണം സംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രവേശനോത്സവം ഉൾപ്പെടെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ.

Last Updated : Jun 1, 2019, 8:31 PM IST

ABOUT THE AUTHOR

...view details