തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി സംരംഭകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ സെക്രട്ടറിയടക്കം നാല് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രഥമദൃഷ്ട്യാ ഇവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇക്കാര്യം പ്രഖ്യാപിച്ചത് മന്ത്രിയെ ചൊടിപ്പിച്ചു. സംഭവത്തിൽ നഗരസഭ ചെയർപേഴ്സണും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ എം വി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമളയെ മന്ത്രി ശക്തമായി ന്യായീകരിച്ചു.
പ്രവാസിയുടെ ആത്മഹത്യ: നഗരസഭ സെക്രട്ടറിയടക്കം നാല് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - എം വി ജയരാജൻ
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തു വന്നതോടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തെന്ന പ്രഖ്യാപനവുമായി ആദ്യം എം വി ജയരാജൻ രംഗത്തുവന്നതിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ആന്തൂർ നഗരസഭയിൽ പ്രവാസി സംരംഭകൻ പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവം വൻ വിവാദമായതോടെയാണ് പ്രശ്നത്തിൽ മന്ത്രി എ സി മൊയ്തീൻ ഇടപെട്ടത്. ഇതു സംബന്ധിച്ച ഫയലുകളുമായി അടിയന്തരമായി തലസ്ഥാനത്തെത്താൻ മന്ത്രി ഇന്നലെ തന്നെ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതതുസരിച്ച് സെക്രട്ടറിയടക്കമുള്ളവർ രാവിലെ തന്നെ നിയമസഭയിലെ മന്ത്രിയുടെ ഓഫീസിലെത്തി. കൺവെൻഷൻ സെന്‍ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാൻ എഞ്ചിനീറിംഗ് വിഭാഗം നിർദേശിച്ചിട്ടും നഗരസഭ സെക്രട്ടറി അനാവശ്യ തടസം ഉന്നയിക്കുകയായിരുന്നുവെന്ന് ഫയൽ പരിശോധിച്ച മന്ത്രിക്ക് ബോധ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. തുടർന്ന് പ്രാഥമിക കൂടിയാലോചനകൾക്ക് ശേഷം നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്‍റ് എഞ്ചിനീയർ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തെന്ന് മന്ത്രി അറിയിച്ചു.
അതേ സമയം നഗരസഭ ചെയർപേഴ്സൺ അനുമതി വൈകിപ്പിച്ചതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ഭരണപരമായ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.