ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾപ്പടെയുള്ള കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി കമ്മിറ്റിയില്‍ ചര്‍ച്ചയാവും. കേരളത്തില്‍ 20ൽ 19 സീറ്റിലും ഏറ്റുവാങ്ങിയ കനത്ത തിരിച്ചടിയിൽ നിന്നും തിരിച്ചു കയറാനുള്ള ശ്രമങ്ങളിലാണ് സിപിഎം. പക്ഷേ അത് എങ്ങനെ വേണമെന്നതിൽ നേതൃത്വത്തിന് വ്യക്തത വരുത്താനായിട്ടില്ല. പ്രത്യേകിച്ചും ശബരിമല വിഷയത്തിൽ അകന്നുപോയ വിശ്വാസികളുടെ കാര്യത്തിൽ. അഞ്ച് ശതമാനം വോട്ടു കുറഞ്ഞു എന്നാണ് സിപിഎം സംസ്ഥാന സമിതി പറയുന്നത്. ഇതിനുള്ള കാരണങ്ങളായി ന്യൂനപക്ഷ ഏകീകരണം, രാഹുൽ ഇഫക്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പ്രധാന കാരണം ശബരിമല വിഷയം തന്നെയാണ്. ഒരു വിഭാഗം വിശ്വാസികളെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിച്ചു എന്നാണ് സിപിഎം പറയുന്നത്. എന്നാൽ സിപിഎം പോലെ സംഘടന ശേഷിയുള്ള ഒരു പാർട്ടിക്ക് തെറ്റിദ്ധാരണകൾ തിരുത്താൻ സാധിച്ചില്ല. ഇത് സംഘടനപരമായി പരിശോധിക്കേണ്ട വിഷയമാണ്.
റെക്കോഡ് കുടുംബയോഗങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സിപിഎം ഇത്തവണ സംഘടിപ്പിച്ചത്. അതും സുപ്രീംകോടതി വിധിയുടെ പകർപ്പും, കോടതിയിൽ ഇടതു സർക്കാർ നൽകിയ സത്യവാങ്മൂലവുമൊക്കെ ഉൾപ്പെടുത്തി. എന്നാൽ ഇതെല്ലാം വിശ്വാസികൾ തള്ളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. തിരിച്ചടിയെ മറികടക്കാനുള്ള പ്രവർത്തനം എങ്ങനെ വേണമെന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും ഈ വിഷയം തന്നെയാകും ചർച്ചാവിഷയം.