തിരുവനന്തപുരം കോട്ടൺഹിൽ എൽ പി സ്കൂൾ പ്രവേശനോത്സവത്തിന് ഒരുങ്ങി. ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്‍റ് സ്കൂൾ. ഇവിടത്തെ എൽപി വിഭാഗത്തിൽ ഇത്തവണ 350ഓളം വിദ്യാർഥികളാണ് പ്രവേശനത്തിനായി എത്തിയത്.
കോട്ടൺഹിൽ എൽപി സ്കൂൾ പ്രവേശനോത്സവത്തിന് ഒരുങ്ങി - പ്രവേശനോത്സവം
എൽപി വിഭാഗത്തിൽ ഇത്തവണ 350ഓളം വിദ്യാർഥികളാണ് പ്രവേശനത്തിനായി എത്തിയത്
ഹൈസ്കൂളും ഹയർസെക്കൻഡറിയും പെൺകുട്ടികൾക്കായി മാത്രമാണെങ്കിലും എൽ.പി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്. ഒന്നാം ക്ലാസിൽ 185 കുട്ടികളും ബാക്കിയുള്ള കുട്ടികൾ രണ്ടാം ക്ലാസു മുതൽ നാലാം ക്ലാസുവരെയുമാണ് പ്രവേശനം നേടിയത്. മികച്ച പശ്ചാത്തല സൗകര്യവും അധ്യാപക മികവും കൊണ്ടും തന്നെയാണ് നിരവധി രക്ഷിതാക്കൾ സ്വകാര്യ സ്കൂളുകളിൽ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റിയിരിക്കുന്നത്.
സ്മാർട്ട് ക്ലാസ് റൂമുകളും എസി ഡൈനിങ് ഹാളും ഉൾപ്പെടെ ഏതു സ്വകാര്യ സ്കൂളിനോടും കിടപിടിക്കുന്ന സൗകര്യമാണ് ഈ സർക്കാർ വിദ്യാലയത്തിലും ഉള്ളത്. പൂർണമായും പരിസ്ഥിതി സൗഹൃദ രീതിയിലാണ് സ്കൂളിൻ്റെ പ്രവർത്തനം. മാലിന്യസംസ്കരണത്തിന് അത്യാധുനിക മാലിന്യ പ്ലാൻ്റും സ്കൂളിലെ വൈദ്യുതി ഉപയോഗത്തിനായി സോളാർപാനലുകളും സ്ഥാപിച്ചിട്ടുണ്ട്. നാളെ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇവിടത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. പുതുതായി എത്തുന്ന കൂട്ടികൾക്കായി സമ്മാനങ്ങളൊരുക്കി കാത്തിരിക്കുകയാണ് അധ്യാപകരും പിടിഎ ഭാരവാഹികളും.