കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടുമെന്നാണ് വിലയിരുത്തല്‍. പ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്‍റെ നാളുകളാണെന്ന് കേന്ദ്ര ജലവിഭവ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.
ചൂട് കൂടുന്നു: കേരളത്തില്‍ വരാനിരിക്കുന്നത് കൊടുംവരള്‍ച്ച - കേന്ദ്ര കാലാവസ്ഥാവകുപ്പ്
കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമമെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം. വടക്കന്‍ ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടും.
അതേസമയം കൊടും ചൂടിനെ ചെറുക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്. സൂര്യതാപമേൽക്കുന്ന തരത്തിലുള്ള തൊഴിലെടുക്കുന്നവർ പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം വരുന്ന രീതിയിൽ തൊഴിൽസമയം ക്രമീകരിക്കുക. നിർമാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ, ഒആർഎസ്, ഐസ് പാക്കുകൾ, വിശ്രമസൗകര്യം എന്നിവ ഏർപ്പെടുത്തുക. മറുനാടൻ തൊഴിലാളികൾക്ക് ബോധവത്‌കരണം നൽകാൻ അവരുടെ ഭാഷയിലുള്ള ലഘുലേഖകൾ നൽകുക തുടങ്ങിയവയാണ് ആദ്യപടിയായി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ. കൂടാതെ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യം ലേബർ ഓഫീസർമാർ പരിശോധിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍
- സൂര്യാഘാതമേറ്റാൽ ജില്ലാ കലക്ടറടക്കമുള്ളവരെ വിവരമറിയിക്കണം.
- തീവ്രമായ ചൂടുള്ള സമയത്ത് കാലികളെ മേയാൻ വിടരുത്, കാലികൾക്ക് ജലലഭ്യത ഉറപ്പാക്കണം.
- സ്‌കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യണം. പിഇടി പീരിയഡുകൾ നിയന്ത്രിക്കുക.
- തുറസായ സ്ഥലങ്ങളിലെ കളി ഒഴിവാക്കുക, കലാകായിക പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുക.
- വിദ്യാലയങ്ങളിൽ ജലവും മറ്റു സൗകര്യങ്ങളുമേർപ്പെടുത്തുക, ക്ലാസ്‌മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക.
- അധ്യാപകർക്ക് പ്രഥമശുശ്രൂഷാ പരിശീലനം നൽകുക.
- യാത്രക്കാർക്കും പൊതുജനത്തിനും ജലലഭ്യത ഉറപ്പാക്കുക,
- പൊതുവൃക്ഷങ്ങൾ ഉണങ്ങിപ്പോകുന്നത് തടയാൻ സംവിധാനമൊരുക്കുക.
- വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പാക്കുക, ജലം തേടി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാനുള്ള സാധ്യത തടയുക.
- കാട്ടുതീ തടയാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.
- വെയിലുള്ള സമയത്ത് പൊലീസുകാർക്ക് കുട ഉപയോഗിക്കാൻ സൗകര്യം നൽകുക, ഇവർ സ്റ്റീൽകുപ്പിയിൽ വെള്ളം കരുതുക.
- വിനോദസഞ്ചാര മേഖലയിൽ എല്ലാ ഭാഷകളിലുമുള്ള ലഘുലേഖകൾ വിതരണംചെയ്യുക.
- അടിയന്തര ശുശ്രൂഷക്കുള്ള കിയോസ്‌കുകൾ തയ്യാറാക്കുക.