കേരളം

kerala

ETV Bharat / state

തെക്കന്‍ കേരളത്തില്‍ ആവേശമായി മുന്നണികളുടെ കലാശക്കൊട്ട്

നാളത്തെ നിശബ്ദപ്രചാരണത്തിന് ശേഷം 23 നാണ് ഒറ്റഘട്ടമായി കേരളത്തിലെ വോട്ടെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.

തെക്കന്‍ കേരളത്തില്‍ ആവേശമായി മുന്നണികളുടെ കലാശക്കൊട്ട്

By

Published : Apr 22, 2019, 12:00 AM IST

Updated : Apr 22, 2019, 6:12 AM IST

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ ഇളക്കിമറിച്ച് തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും മാവേലിക്കരയിലും മുന്നണികളുടെ കലാശക്കൊട്ട്. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ നഗരത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ആരംഭിച്ച റോഡ് ഷോകള്‍ പേരൂര്‍ക്കടയിലാണ് സമാപിച്ചത്. കൊല്ലത്ത് കലാശക്കൊട്ടിന് ആദ്യം തിരികൊളുത്തിയത് എന്‍ഡിഎ ആണ്. സ്ഥാനാർഥി കെ വി സാബുവിനെ ക്രെയിനിൽ കെട്ടി ഉയർത്തിയാണ് എന്‍ഡിഎ കൊട്ടിക്കലാശത്തിന് തുടക്കമിട്ടത്. പിന്നാലെ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും കളം നിറഞ്ഞതോടെ കൊല്ലത്തെ ആവേശം കൊടുമുടി കയറി. അതേ സമയം ആലപ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർഥി അഡ്വ എ എം ആരിഫ് അരൂരിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ ഷാനിമോൾ ഉസ്മാന്‍ നഗരാതിർത്തിയായ തലവടിയിൽ നിന്നും പ്രചാരണം ആരംഭിച്ചു. എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ ബിജെപി സ്വാധീന പ്രദേശങ്ങളിലൂടെ കടന്ന് ആലപ്പുഴ നഗരത്തിന്‍റെ ഹൃദയഭാഗമായ മുല്ലക്കല്ലില്‍ പ്രചാരണം അവസാനിപ്പിച്ചു. പിഡിപി, എസ്ഡിപിഐ, എസ് യു സി ഐ തുടങ്ങിയ ചെറു പാർട്ടികളും തങ്ങളുടെ പരമാവധി പ്രവർത്തകരെ അണിനിരത്തി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കലാശക്കൊട്ട് സംഘടിപ്പിച്ചിരുന്നു. ആറ്റിങ്ങലില്‍ ഹാട്രിക് വിജയം തേടി എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്തും മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും മത്സരിക്കുമ്പോൾ ഇരുമുന്നണികളെയും മലർത്തിയടിച്ച് വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ.

തെക്കന്‍ കേരളത്തില്‍ ആവേശമായി മുന്നണികളുടെ കലാശക്കൊട്ട്

തിരുവനന്തപുരത്ത് വേളിയില്‍ എ കെ ആന്‍ണിയുടെ റോഡ് ഷോക്കിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കിയത് മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രശ്നങ്ങളൊന്നും മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലത്ത് പ്രചാരണ സമയം അവസാനിക്കാൻ അരമണിക്കൂർ മാത്രമുള്ളപ്പോഴാണ് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ എത്തിയത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എംഎൽഎമാരായ മുകേഷ്, എം നൗഷാദ് എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി എത്തിയത്. കൊല്ലത്ത് എൽഡിഎഫ് , യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും കയ്യാങ്കളിയിലേക്ക് നീങ്ങാതെ നേതാക്കളും പോലീസും രംഗം ശാന്തമാക്കി. മൂന്നു മുന്നണികളും ആവേശം ഒട്ടും കുറച്ചില്ലെങ്കിലും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത് എൽഡിഎഫാണ്. ആലപ്പുഴയില്‍ എസ്ഡിപിഐ - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സക്കറിയ ബസാർ ജംഗ്ഷനിൽ ഏറ്റുമുട്ടിയത് നേരിയ സംഘർഷത്തിന് വഴിയൊരുക്കിയെങ്കിലും നേതാക്കളുടെ ഇടപെടൽ മൂലം വലിയൊരു സംഘർഷം ഒഴിവായി. ആറ്റിങ്ങലില്‍ പൊതുവെ സമാധാന അന്തരീക്ഷത്തിലായിരുന്നു കലാശക്കൊട്ട്. പത്തനംതിട്ട തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. കല്ലേറില്‍ പോലീസുകാരന് പരിക്കേറ്റു. നാളത്തെ നിശബ്ദപ്രചാരണത്തിന് ശേഷം 23 നാണ് ഒറ്റഘട്ടമായി കേരളത്തിലെ വോട്ടെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.

Last Updated : Apr 22, 2019, 6:12 AM IST

ABOUT THE AUTHOR

...view details