തിരുവനന്തപുരം : അമൃത് പദ്ധതി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. പദ്ധതിയുടെ ഡിപിആർ കരാറുമായി ബന്ധപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ നടന്ന ക്രമക്കേടുകളുടെ തെളിവ് ഇടിവി ഭാരത് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. അഴിമതി വ്യക്തമായ സാഹചര്യത്തിൽ സ്വതന്ത്രവും നീതിപൂർണവുമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊല്ലം കോർപ്പറേഷനിൽ മൂന്ന് സെപ്റ്റേജ് പ്ലാനുകൾ അമൃത് പദ്ധതി പ്രകാരം നിർമ്മിക്കുന്നതിനുള്ള ഡിപിആർ കരാർ നൽകിയതിൽ നടന്ന അഴിമതിയാണ് ഇടിവി ഭാരത് പുറത്തുകൊണ്ടുവന്നത്.
അമൃത് പദ്ധതിയിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് - തിരുവനന്തപുരം
പദ്ധതിയില്‍ ഡിപിആര്‍ തയ്യാറാക്കാന്‍ രാം ബയോളജിക്കല്‍സ് എന്ന കമ്പനിക്ക് കൊല്ലം കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയതിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ഓഡിറ്റ് എന്‍ക്വയറി റിപ്പോര്‍ട്ട് ഇടിവി ഭാരത് പുറത്തുവിട്ടിരുന്നു
![അമൃത് പദ്ധതിയിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3752600-thumbnail-3x2-mulla.jpg)
ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഫീസ് കോർപ്പറേഷനോട് വിശദീകരണം ചോദിക്കുന്ന ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഡിപിആർ തയ്യാറാക്കാൻ രാം ബയോളജിക്കൽസ് എന്ന കമ്പനിക്ക് കരാർ നൽകിയത്. പ്രായോഗികമല്ലാത്ത ഡിപിആറിന് കൺസൾട്ടേഷൻ ഫീ ഇനത്തിൽ 16,31,477 രൂപ കോർപ്പറേഷൻ നൽകുകയും ചെയ്തു. ഇത് ഗുരുതരമായ വീഴ്ചയും ധൂർത്തുമാണ് എന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.