ആലപ്പുഴ :മാവേലിക്കരയില്‍ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരില്‍ പുളിമൂട് വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു സംഭവം.
ഇന്നലെ പുറത്തുപോയ കൃഷ്‌ണ പ്രകാശ് ഇന്ന് പുലർച്ചെയാണ് തിരിച്ച് എത്തിയത്. യാത്ര കഴിഞ്ഞെത്തിയ യുവാവ് കാര്‍ വീട്ടിലെ പോർച്ചിലേക്ക് കയറ്റുമ്പോൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. മാവേലിക്കര കണ്ടിയൂർ ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്‌ണ പ്രകാശ്.
മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വാഹനം കത്താനുള്ള കാരണം ഉൾപ്പടെ പൊലീസ് വിശദമായ അന്വേഷണം നടത്തും.
ഓടുന്ന കാറിന് തീ പിടിച്ച് രണ്ട് മരണം : കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ടുപേർ മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഫെബ്രുവരി 3ന് രാവിലെയാണ് കാറിന് തീപിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (34), ഇയാളുടെ ഭാര്യ റിഷ (26) എന്നിവരാണ് മരിച്ചത്. റിഷ ഗർഭിണിയായിരുന്നു. പ്രസവത്തിനായുള്ള യാത്രയ്ക്കിടെയാണ് കാർ കത്തി ദമ്പതികൾ മരിച്ചത്. കാറിന്‍റെ മുൻസീറ്റിലായിരുന്നു ഇരുവരും.
ആറ് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മറ്റ് നാല് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. മുൻവശത്തെ വാതിലുകൾ ലോക്കായിരുന്നതിനാലാണ് പ്രജിത്തിനെയും റിഷയെയും രക്ഷിക്കാൻ കഴിയാഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
More Read :കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു