ആലപ്പുഴ :പറയഞ്ചാല്‍ ജലാശയത്തില്‍ വന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് ചേർത്തല മണവേലി സ്വദേശി ആർ സബീഷെന്ന പ്രകൃതി സ്‌നേഹി.സബീഷ് ഈ ഉദ്യമത്തിനിറങ്ങിയിട്ട് മൂന്നാഴ്‌ച പിന്നിട്ടു. ഇതിനകം 2000ത്തിൽപരം പ്ലാസ്‌റ്റിക് കുപ്പികള്‍ വെള്ളത്തില്‍ നിന്ന് ശേഖരിച്ചു.
'ജോലിക്ക് ശേഷം ഒരു മണിക്കൂർ പ്രകൃതി സംരക്ഷണം'
തണ്ണീർമുക്കം പഞ്ചായത്തിലെ ഇരുപതാം വാർഡിലെ പ്രധാന ജലാശയമാണ് പറയഞ്ചാൽ. വള്ളത്തിൽ മാലിന്യങ്ങൾ ശേഖരിക്കുകയും നിറയുന്നതനുസരിച്ച് ചാക്കുകളിൽ കെട്ടി കരയിലേയ്ക്ക് മാറ്റുകയുമാണ് സബീഷ് ചെയ്യുന്നത്.
സമാന്തര വിദ്യാഭ്യാസ സ്ഥാപന ഉടമയായ സബീഷ് ജോലി സമയം കഴിഞ്ഞ് ദിവസവും ഒരു മണിക്കൂർ പ്രകൃതി സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നു. പ്ലാസ്റ്റിക്ക് വിറ്റ് കിട്ടുന്ന പണംനാട്ടിലെ പാലിയേറ്റീവ് പ്രവർത്തകർക്ക് സംഭാവന ചെയ്യുമെന്നും സബീഷ് പറഞ്ഞു.
ഫേസ്‌ബുക്കിലൂടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരിയും, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസും സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.വി രതീഷും ചേര്‍ന്ന് സബീഷിനെ ആദരിച്ചു.