ആലപ്പുഴ: അഞ്ചുവർഷം കൂടുമ്പോൾ ഭരണം പരസ്‌പരം മാറുന്ന അഡ്‌ജസ്റ്റ്‌മെന്‍റ് രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാടിന്‍റെ സമഗ്രവികസനത്തിന് ഒരു മാറ്റം അനിവാര്യമാണ്. അതിന് എൻഡിഎ അധികാരത്തിൽ വരേണ്ടതുണ്ട്. എൽഡിഎഫും യുഡിഎഫും മാറിമാറി കേരള വികസനത്തെ പിന്നോട്ടടിച്ചു. കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന ഫണ്ടുകൾ പോലും ഇവിടെ വക മാറ്റുകയാണ്. ചെറുപ്പക്കാരുടെ സ്വപ്‌നങ്ങൾക്ക് വിലങ്ങുതടിയായി ഇവിടെ പിഎസ്‌സിയെ നോക്കുകുത്തിയായി. പാർട്ടി സഖാക്കൾക്ക് മാത്രമാണ് സർക്കാർ ജോലി നൽകിയതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
കേരളത്തില്‍ എൽഡിഎഫ്- യുഡിഎഫ് അഡ്‌ജസ്റ്റ്‌മെന്‍റ് രാഷ്ട്രീയം: യോഗി ആദിത്യനാഥ് - നിയമസഭാ തെരഞ്ഞെടുപ്പ് 2021
എൽഡിഎഫും യുഡിഎഫും മാറിമാറി കേരള വികസനത്തെ പിന്നോട്ടടിച്ചതായി യോഗി ആദിത്യനാഥ് ആരോപിച്ചു.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ എന്നിവർക്ക് വളരാൻ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. ലവ് ജിഹാദിനെതിരെ എന്തുകൊണ്ടാണ് കേരളത്തിൽ നിയമം ഉണ്ടാകാത്തത്. കോടതി പറഞ്ഞിട്ടുപോലും ഇക്കാര്യത്തിൽ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തിൽ ലവ് ജിഹാദ് വിരുദ്ധ നിയമമില്ലെന്നും യുപിയിൽ സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹരിപ്പാട് എൻഡിഎ സ്ഥാനാർഥി കെ സോമൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.