ആലപ്പുഴ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു. ആലപ്പുഴ വലിയകുളത്ത് നിന്നാരംഭിച്ച റാലി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ചു. നഗരത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് റാലിയിൽ അണിനിരന്നത്.
ആലപ്പുഴയില്‍ വനിതാ സംഘടനകൾ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു - alappuzha latest news
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് വനിതാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ വനിതാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ധീര ദേശാഭിമാനികളായ മുൻകാല നേതാക്കന്മാർ ജാതി, മത, വർഗ്ഗ ഭേദമന്യേ ഒരുമിച്ച് നിന്ന് പോരാടി നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യവും അവർ പകർന്ന് നൽകിയ സമത്വചിന്തയും സാഹോദര്യവും തകർത്തെറിയാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും കുത്സിത ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ പൗരത്വ നിയമം. ഇത് ഇന്ത്യൻ ഭരണഘടന നൽകുന്ന സമത്വം, തുല്യത തുടങ്ങിയ ജനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണ്. ഈ നിയമം രാജ്യത്തിന്‍റെ ഭരണ ഘടനക്കെതിരാണെന്നതിനാൽ ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വനിതാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ വനിതാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എം.ജി.എം സംസ്ഥാന അധ്യക്ഷ ഖദീജ നർഗ്ഗീസ്, മുൻസിപ്പൽ കൗൺസിലർമാരായ സീനത്ത് നാസർ, നബീസാ അക്ബർ, വിവിധ വനിതാ സംഘടനകളെ പ്രതിനിധീകരിച്ച് സഫല നസീർ, സജീന ജമാൽ, റസീയ മുഹമ്മദ്, റയ്ഹാനത്ത് സുധീർ, ജമീല ടീച്ചർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. എ.ഐ.സി.സി സെക്രട്ടറി ദീപ്‌തി മേരി വർഗീസ്, എ.ഐ.വൈ.എഫ്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.ശോഭ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.