ആലപ്പുഴ: ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സനാതനപുരം സ്വദേശിയായ പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോളാണ് (24) അറസ്റ്റിലായത്. ഇന്നലെയാണ് ശ്രുതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതില്‍ സംശയം തോന്നിയ തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രുതി പിടിയിലായത്. ജോലി വാഗ്‌ദാനം ചെയ്‌ത് നാട്ടില്‍ വച്ച് ആദ്യ ഗഡുവെന്ന നിലയില്‍ പണം തട്ടുന്ന ശ്രുതി രണ്ടാം ഗഡു നല്‍കാന്‍ ഡല്‍ഹിയിലെത്താന്‍ ഇരയോട് ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലെത്തുമ്പോള്‍ പട്ടാള വേഷത്തില്‍ ശ്രുതി പണം കൈപ്പറ്റാന്‍ എത്തും.
യൂണിഫോമിലെത്തുന്നത് കൊണ്ട് ഇരകള്‍ക്ക് സംശയവും തോന്നിയില്ല. ഇത്തരത്തില്‍ പണം കൈമാറിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
ആലപ്പുഴ സൗത്ത് എസ്ഐ രജിരാജ്, എഎസ്ഐ മോഹൻകുമാർ, എസ്‌സിപിഒ ബിനോജ്, സിപിഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
also read:Job Fraud | 'മകൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് 15 ലക്ഷം തട്ടി'; പ്രശാന്ത് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി വയോധിക
മലപ്പുറത്തും സമാന സംഭവം:സംസ്ഥാനത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷ കണക്കിന് രൂപ തട്ടിയ നിരവധി വാര്‍ത്തകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വന്നിരുന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.
ശ്രീരാഗ് എന്ന് 22 കാരനാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് വ്യാജ സീലും അനുബന്ധ രേഖകളും കാണിച്ചാണ് ഇയാള്‍ പണം തട്ടിയത്. തട്ടിപ്പിന് ഇരയായ യുവാവ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനായി ശാരീരിക ക്ഷമത പരീക്ഷ അടക്കം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയാണ്. അതിനിടെയാണ് ശ്രീരാഗിനെ പരിചയപ്പെട്ടത്.
മുക്കത്തെ ജിം സെന്‍ററില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും പരിചയത്തിലായി. തനിക്ക് ആര്‍മിയില്‍ ജോലി ലഭിച്ചെന്ന് ശ്രീരാഗ് പറഞ്ഞു. ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാല്‍ ജോലിക്ക് കയറാനുള്ള നടപടികള്‍ വേഗത്തിലാക്കി തരുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വേഗത്തില്‍ ജോലി ലഭിക്കുമെന്ന് കരുതിയ ഇര മൂന്ന് ലക്ഷം രൂപ ശ്രീരാഗിന് കൈമാറി. പണം കൈമാറിയിട്ടും ജോലി ലഭിക്കാത്തതില്‍ സംശയം തോന്നിയ ഇര പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് പിടിയിലായത്.
also read:Job Scam| ഓസ്ട്രേലിയയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം തട്ടിയ കേസ്; ആഢംബര ജീവിതം നയിച്ച പ്രതി പിടിയിൽ