ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള വൈറ്റ് ടോപ്പിങ് ജോലികള്‍ ആലപ്പുഴയില്‍ ആരംഭിച്ചു. കലക്ട്രേറ്റിന് മുന്നിലൂടെ കടന്നുപോകുന്ന ജനറല്‍ ഹോസ്‌പിറ്റല്‍-ബീച്ച് റോഡിലാണ് അത്യാധുനിക മെഷീനുകള്‍ ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് ആരംഭിച്ചത്. കേരളത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം നേരില്‍ കാണുന്നതിനും വിലയിരുത്തുന്നതിനും പൊതുമരാത്ത് മന്ത്രി ജി സുധാകരന്‍ ചൊവ്വാഴ്ച രാത്രിയോടെ കലക്ട്രേറ്റിന് സമീപമെത്തി. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന കോണ്‍ക്രീറ്റ് പാവെര്‍ മെഷീന്‍ മന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു.
റോഡുകളും ഹൈടെക്കാകുന്നു; ആലപ്പുഴയില്‍ വൈറ്റ് ടോപ്പിങ് ജോലികള്‍ ആരംഭിച്ചു
ബെംഗളൂരു നഗരത്തിൽ റോഡുകൾ നിർമിച്ചിരിക്കുന്ന രീതി മനസിലാക്കിയാണ് കേരളത്തിലും നടപ്പാക്കുന്നത്
കേരളത്തിൽ അടിസ്ഥാന വികസനത്തിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷമായി വലിയ മുന്നേറ്റമാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിലെ ഏറ്റവും ആധുനിക ടെക്നോളജി ആയ വൈറ്റ് ടോപ്പിങ് കേരളത്തിലും യാഥാര്‍ഥ്യമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരു നഗരത്തിൽ റോഡുകൾ നിർമിച്ചിരിക്കുന്ന രീതി മനസിലാക്കിയാണ് ഇവിടെയും ഇത് നടപ്പിലാക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ നഗരങ്ങളിലെ നഗരവികസന പദ്ധതികളിൽ വൈറ്റ് ടോപ്പിങ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ആലപ്പുഴ നഗര റോഡ് വികസന പദ്ധതിയിൽ 12 റോഡുകളിൽ 12 കിലോമീറ്ററാണ് ഇത്തരത്തിൽ വൈറ്റ് ടോപ്പിംഗ് ചെയ്യുന്നത്. അതിലൊന്നാണ് കലക്ട്രേറ്റിന് മുന്നിലുള്ള റോഡ്. കൈതവനയിലും ഇതേ തരത്തില്‍ റോഡ് നിര്‍മിക്കും. കൂടുതൽ കാലം നീണ്ടു നിൽക്കുന്ന റോഡുകൾ നിർമിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വൈറ്റ് ടോപ്പിങ് വഴി 30 വർഷത്തോളം റോഡുകൾ കേടു പാടില്ലാതെ നിലനിര്‍ത്താനാകും. ഒരു കിലോമീറ്റർ റോഡ് ചെയ്യുന്നതിന് നാലുകോടി മുതൽ അഞ്ചു കോടി രൂപ വരെ ചെലവാകും. എന്നാൽ മൂന്നുവർഷം കൂടുമ്പോൾ റോഡ് നിർമിക്കുന്നതിന് വേണ്ടിവരുന്ന തുക കണക്കാക്കിയാൽ ഇത് ലാഭമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയുടെ ഭാഗമായി കേരളത്തില്‍ ഇപ്പോള്‍ കയര്‍ ഭൂവസ്ത്രം, പ്ലാസ്റ്റിക്, റബര്‍ എന്നിവ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കോഴഞ്ചേരി ആന്‍ടക്ക് കണ്‍സ്ട്രക്ഷന്‍സ് ആണ് റോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയര്‍ പി എല്‍ ഗീത, റോഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ബിനു തുടങ്ങിയ ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സാധാരണ ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 20 സെന്‍റിമീറ്റര്‍ കനത്തില്‍ പുറം കോണ്‍ക്രീറ്റ് ചെയ്യുകയാണ് വൈറ്റ്‌ടോപ്പിങ്ങില്‍ ചെയ്യുക. ഇതിനായി കോണ്‍ക്രീറ്റ് ഉറപ്പിക്കുന്നതിന് പ്രത്യേക മെഷീന്‍ എത്തിച്ചിട്ടുണ്ട്. പുറത്ത് കോണ്‍ക്രീറ്റ് കൂട്ട് തയ്യാറാക്കി റോഡ് നിര്‍മാണ സ്ഥലത്ത് എത്തിച്ച് യന്ത്രമുപയോഗിച്ച് ഉറപ്പിക്കുന്നതാണ് നിര്‍മാണ രീതി.