ആലപ്പുഴ :എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മാരകായുധങ്ങൾ കണ്ടെത്തി. വധത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന വടിവാളുകളാണിത്. ചേർത്തല അരീപ്പറമ്പ് പുല്ലംകുളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ആയുധങ്ങള്‍ ലഭിക്കുകയായിരുന്നു.
പ്ലാസ്റ്റിക്കിലും പേപ്പറിലും പൊതിഞ്ഞ നിലയിൽ അഞ്ച് വടിവാളുകളാണ് ചേർത്തല പൊലീസിന് കിട്ടിയത്. ഇത് ഫോറൻസിക്, വിരലടയാള വിദഗ്‌ധര്‍ക്ക് ശാസ്ത്രീയ പരിശോധനകൾക്കായി കൈമാറും. കണ്ടെത്തിയ ആയുധങ്ങൾ തന്നെയാണോ ഇവയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത് കേസിൽ തെളിവായി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് സാധിക്കൂ. ഇവ നിലവിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴ ഷാൻ വധം: പ്രതികളുടേതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തി READ MORE: ഷാൻ വധക്കേസ്: പ്രധാന പ്രതികളെ പിടികൂടിയെന്ന് എഡിജിപി വിജയ് സാക്കറെ
അതേസമയം ഷാനിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആർ.എസ്.എസ് പ്രവർത്തകരായ അഞ്ച് പ്രതികളുടെ അറസ്റ്റ് ശനിയാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഘപരിവാറിന്‍റെ സജീവ പ്രവർത്തകരായ മണ്ണഞ്ചേരി സ്വദേശികളായ ഒറ്റക്കണ്ടത്തില്‍ വീട്ടിൽ അതുൽ ഒ.എസ് (27), തൈവെളി വീട്ടിൽ വിഷ്ണു കെ. (28), കിഴക്കേവേലിയകത്ത് വീട്ടിൽ ധനേഷ് ഡി. (25), പൊന്നാട് കുന്നുമ്മേൽവെളി സനന്ദ് കെ.യു (36), പാതിരാപ്പള്ളി സ്വദേശി കാടുവെട്ടിയിൽ വീട്ടിൽ അഭിമന്യു കെ.യു (27) എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ ഇതെന്ന് ഉറപ്പിക്കാൻ പ്രതികളെ ആയുധങ്ങൾ കണ്ടെത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.