കേരളം

kerala

ETV Bharat / state

ഇന്ന് വോട്ടെണ്ണൽ; ആദ്യ ഫല സൂചന എട്ടരയോടെ - ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്

ആലപ്പുഴ ജില്ലായിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ എട്ടിന് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും

Vote counting in Alappuzha District  ആലപ്പുഴയിലെ വോട്ടെണ്ണൽ  ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021
ഇന്ന് വോട്ടെണ്ണൽ; ആദ്യ ഫല സൂചന എട്ടരയോടെ

By

Published : May 2, 2021, 4:40 AM IST

ആലപ്പുഴ: ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ എട്ടിന് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ വരണാധികാരിയാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. തുടര്‍ന്ന് യന്ത്രങ്ങള്‍ വോട്ടെണ്ണുന്ന ഹാളിലേക്ക് കൊണ്ടു പോകും. വോട്ടെണ്ണലിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന പ്രഖ്യാപനമാണ് വോട്ടെണ്ണുന്ന ഹാളിലെ ആദ്യ നടപടി. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. അരമണിക്കൂറിനുശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എണ്ണി തുടങ്ങും. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍ തുടങ്ങി വീടുകളില്‍ ഇരുന്ന് ചെയ്ത വോട്ടുകള്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വോട്ട്, സര്‍വീസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവയാണ് പോസ്റ്റല്‍ വോട്ടിങ് വിഭാഗത്തില്‍ വരുന്നത്. കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ നിരീക്ഷകന്‍, കൗണ്ടിങ് അസിസ്റ്റന്‍റ് എന്നിവര്‍ വോട്ടെണ്ണല്‍ ഹാളില്‍ ഉണ്ടായിരിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ യാതൊരുവിധ തിരിമറിയും നടന്നിട്ടില്ലെന്ന് ഇവര്‍ പരിശോധിച്ചതിനു ശേഷം പ്രശ്‌നരഹിതമായുള്ള യന്ത്രങ്ങള്‍ വോട്ടെണ്ണലിനായി ക്രമീകരിക്കും.

യന്ത്രങ്ങളില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അവ വരണാധികാരിയെ ഏല്‍പ്പിക്കും. പ്രശ്‌ന രഹിതമായിട്ടുള്ള യന്ത്രങ്ങള്‍ എല്ലാം എണ്ണിയതിനു ശേഷം പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ യന്ത്രങ്ങള്‍ നിരീക്ഷകനും വരണാധികാരിയും ചേര്‍ന്ന് പുന:പരിശോധിച്ചതിനു ശേഷം മാത്രമേ വോട്ടെണ്ണലിനായി പരിഗണിക്കുകയുള്ളൂ. വോട്ടെണ്ണല്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ പക്ഷത്തു നിന്നും ഏതെങ്കിലും പരാതി ഉണ്ടായാല്‍ വരണാധികാരി അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. വോട്ടെണ്ണലിന്‍റെ അന്തിമ ഫലം ഫോം 20ലാണ് തയ്യാറാക്കുക. എന്‍കോര്‍ ആപ്ലിക്കേഷന്‍ വഴിയാണിത്. ഓരോ ടേബിളിലും ഓരോ റൗണ്ടിലും പൂര്‍ത്തിയാക്കിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം. ഓരോ റൗണ്ടിലും പൂര്‍ത്തീകരിച്ച വോട്ടുകള്‍ ചേര്‍ത്ത് അന്തിമ ഫലപ്രഖ്യാപനം നടത്തും. വോട്ടുകളുടെ എണ്ണം സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ സംശയകരമായ സാഹചര്യം സ്ഥാനാര്‍ഥിക്ക് ഉണ്ടായാല്‍ ഇവിഎമ്മും വി വി പാറ്റിലെ സ്ലിപ്പും ഒരുമിച്ചു എണ്ണിത്തിട്ടപ്പെടുത്തും. ഏതെങ്കിലും സാഹചര്യത്തില്‍ വ്യത്യാസമുണ്ടായാല്‍ വിവി പാറ്റിലെ സ്ലിപ്പുകളുടെ എണ്ണമായിരിക്കും അന്തിമ ഫലത്തിനായി പരിഗണിക്കുക. ഫല പ്രഖ്യാപനത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍ എന്നത് സ്ഥാനാര്‍ഥി തന്നെ അതത് വരണാധികാരിയില്‍ നിന്ന് നേരിട്ട് സ്വീകരിക്കേണ്ട രേഖയാണ്. സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍ അക്‌നോളജ്‌മെന്‍റ് സ്ഥാനാര്‍ഥി തന്നെ ഒപ്പ് വെച്ച് 24 മണിക്കൂറിനുള്ളില്‍ വരണാധികാരിക്ക് സമര്‍പ്പിക്കണം. ഈ രേഖ വരണാധികാരി നിയമസഭ തെരഞ്ഞെടുപ്പ് സെക്രട്ടറിക്ക് അയച്ചു നല്‍കിയാല്‍ മാത്രമേ ജയിച്ച സ്ഥാനാര്‍ഥിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.

ABOUT THE AUTHOR

...view details