ആലപ്പുഴ : എൻഎസ്എസിനെയും ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുകുമാരൻ നായർക്ക് ഈഴവ - പിന്നാക്ക വിഭാഗങ്ങളോട് വിരോധമാണ്. അദ്ദേഹം നവോഥാന പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. എൻഎസ്എസ് നിലപാട് സമുദായങ്ങളുടെ മറ്റൊരു ചേരി സൃഷ്ടിക്കും. സുകുമാരൻ നായർ - ചെന്നിത്തല സഖ്യമാണ് സംസ്ഥാനത്തുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എൻഎസ്എസിനെതിരെ വെള്ളാപ്പള്ളി എൻഎസ്‌എസ് നേതൃത്വത്തിന് കാടൻ ചിന്തകളാണ്. ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസിന്‍റെ പ്രവൃത്തികൾ കേരളത്തിൽ ജാതിവിദ്വേഷത്തിന് ഇടയാക്കും. ഈഴവസമുദായത്തോട് അവർക്ക് എന്നും അവഗണനയാണ്. ഈഴവ വിരോധവും എവിടെയും ഈഴവനെ തകർക്കുക എന്നതുമാണ് എൻഎസ്എസിന്‍റെ ലക്ഷ്യമെന്നും ഒരാൾ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാൽ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
എൻഎസ്എസ് നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവർക്ക് സവർണരെ പ്രതിഷ്ഠിക്കണം. അവർണർക്ക് ഒന്നും നൽകുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എൻഎസ്എസ് നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടോശനും സുകുമാരൻ നായരും ഒരു ഈഴവൻ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എൻഎസ്എസ്. ആർ ശങ്കറും വി എസ് അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോൾ അത് കണ്ടതാണ്. ഒരു സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഇപ്പോഴേ നടത്തുന്നു. എന്തും പറയാമെന്നും ആരുടെയും തലയിൽ കയറാമെന്നും എൻഎസ്എസ് കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്പിത്തരം എല്ലാ കാലവും സഹിക്കില്ല.
ശരിദൂരവും സമദൂരവുമെല്ലാം എൻഎസ്എസിന്‍റെ അടവുനയമാണെന്നും അവർ യുഡിഎഫിനൊപ്പമെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അതിനാൽ ആർക്കും പിന്തുണ നൽകേണ്ടെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് എസ്എൻഡിപിയുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.