ആലപ്പുഴ : മലയാളത്തിന്‍റെ മഹാനടി കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്ത അറിഞ്ഞത് മുതൽ ദുഖവീഥിയിലാണ് കായംകുളവും. പ്രിയതാരത്തിന്‍റെ വേർപാട് സ്വന്തം വീട്ടിലെ ഒരു മുതിർന്ന അംഗത്തിന്‍റെ വിയോഗം പോലെയാണ് ഇവിടുത്തുകാർക്ക് അനുഭവപ്പെടുന്നത്.
കെ.പി.എ.സിയുടെ നാടകങ്ങളിൽ നിറഞ്ഞാടിയിരുന്ന ലളിതയെ ആരും മറന്നിട്ടില്ല. തോപ്പിൽ ഭാസിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങള്‍ക്ക് കെ.പി.എ.സി നാടകങ്ങളിലൂടെ ലളിത ജീവൻ നൽകിയതിന്‍റെ ഓർമകള്‍ ഇവിടെ കുടികൊള്ളുന്നു. ജീവിതഗന്ധിയായ ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയ കലാകാരിയുടെ വിശേഷങ്ങൾ പറയുമ്പോൾ ഇവിടുത്തുകാർക്ക് നൂറ് നാവാണ്.
കായംകുളവും കെ.പി.എ.സി ലളിതയും തമ്മിലുള്ള ബന്ധം ഓർത്തെടുക്കുകയാണ് ലളിതയുടെ മാതൃസഹോദരനായ കൃഷ്‌ണപുരം സ്വദേശിയും 83 കാരനുമായ വേലായുധന്‍ പിള്ള. വാർധക്യം ശരീരത്തെ തളർത്തുന്നുണ്ടെങ്കിലും ഓർമകള്‍ക്ക് ഇന്നും മധുരപ്പതിനേഴാണ്.
ലളിതയുടെ അമ്മ ഭാര്‍ഗവിയമ്മയുടെ ആറ് സഹോദരങ്ങളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് വേലായുധന്‍ പിള്ള മാത്രമാണ്. ലളിതയുമായി അടുത്ത ബന്ധമാണ് മരിക്കുന്നതുവരെയും വേലായുധന്‍ പിള്ളയ്ക്കുണ്ടായിരുന്നത്. തിരക്കായതിനാൽ പലപ്പോഴും അവരെ കാണാന്‍ കഴിയാറില്ലെങ്കിലും കുടുംബത്തിലെ എല്ലാ പ്രധാന ചടങ്ങുകൾക്കും ലളിത എത്താറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.