ആലപ്പുഴ : അരൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭാരതിയമ്മക്കെങ്ങനെ മാറി നിൽക്കാൻ കഴിയും. പ്രായത്തെയും ശാരീരിക പ്രയാസങ്ങളെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പുന്നപ്ര വയലാർ സമരത്തിന് സാക്ഷ്യം വഹിച്ച തുറവൂർ പടിഞ്ഞാറ്റെ ഭാരതിയമ്മ (84) പതിവ് തെറ്റിക്കാതെ രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി.
ഓർമ്മയുടെ വീര്യം ചോരാതെ വികസനം സ്വപ്നം കണ്ട് ഭാരതിയമ്മ വോട്ടു ചെയ്തു കാഴ്‌ച ശക്തി കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓർമ്മയുടെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. പുന്നപ്ര - വയലാർ വിപ്ലവ സമരത്തിന്‍റെ ഭാഗമായി വെടിവെപ്പ് നടന്ന ഓളതലയും മേനാശ്ശേരിയും പരിസര പ്രദേശങ്ങളും അരൂർ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. വയലാർ സമരകാലം ഭാരതിയമ്മയുടെ ഓർമയില്‍ ഇപ്പോഴും വ്യക്തമാണ്. അരൂരിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ തന്നെ ജയിക്കുമെന്നാണ് ഭാരതിയമ്മ പറയുന്നത്. അതിന്‍റെ ഭാഗമാവാൻ വേണ്ടിയാണ് താനും ഭർത്താവും വോട്ട് ചെയ്യാൻ എത്തിയത്. ബാലറ്റ് പേപ്പർ കാലത്തെ തിരഞ്ഞെടുപ്പ് ഓർമ്മകൾ ആവേശപൂർവ്വം പങ്കുവെക്കുന്നതിനോടൊപ്പം വിവിപാറ്റ് അവതരിപ്പിച്ചത് തങ്ങളെ പോലെ കാഴ്‌ചക്കുറവുള്ളവർക്ക് ഏറെ ഗുണം ചെയ്യുമെന്നും വോട്ട് പാഴാവുമെന്ന പേടി വേണ്ടെന്നും ഭാരതിയമ്മ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള മഷി ഒഴിക്കലിനും ബൂത്ത് പിടിത്തവും ഇന്നില്ലെന്നും അട്ടിമറി ശ്രമങ്ങൾ ഇല്ലായ്‌മ ചെയ്യാൻ പൊലീസും അധികാരികളും നടത്തുന്ന പരിശ്രമങ്ങളെയും ഭാരതിയമ്മ പ്രശംസിച്ചു.