ആലപ്പുഴ: തണ്ണീര്‍മുക്കത്തെ മത്സ്യ സഹകരണ സംഘം ഇനി മുതല്‍ തുറവൂരിലെ മത്സ്യഭവന്‍റെ സബ് സെന്‍ററായി പ്രവര്‍ത്തിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മത്സ്യഭവന്‍റെ സബ് സെന്‍ററിന്‍റെയും കളക്ഷന്‍ സെന്‍ററിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം പുതിയ മത്സ്യഭവനങ്ങളുടെ പദ്ധതി പരിഗണനയിലുണ്ട് . അതില്‍ ഉള്‍പ്പെടുത്തി തന്നെ ഈ സര്‍ക്കാരിന്‍റെ കാലത്ത് സബ് സെന്‍ററിനെ പൂര്‍ണമായ ഒരു മത്സ്യഭവനായി ഉയര്‍ത്തുമെന്നും സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മത്സ്യഭവന്‍റെ കെട്ടിട നിര്‍മാണത്തിന് ഉടനടി അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉള്‍നാടന്‍ പഞ്ചായത്തുകളില്‍ 33 പ്രെജക്റ്റ് ഇൻസ്പെക്ടർമാരുടെ പട്ടിക ആയിട്ടുണ്ടെന്നും ഇതില്‍ നിന്നും പദ്ധതി നടത്തിപ്പിനായി ഫിഷറീസ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കായലിലെ മാലിന്യ സംസ്‌കരണം അടിയന്തര പദ്ധതിയായി ഏറ്റെടുത്ത് മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കും. കക്ക തൊഴിലാളികളെ സഹകരിപ്പിച്ചുകൊണ്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യും. ഇതിനായി മാര്‍ച്ച് 9ന് കലക്ടറേറ്റില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും മത്സ്യതൊഴിലാളികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.