ആലപ്പുഴ: അപ്രതീക്ഷിത ന്യൂനമർദം സൃഷ്‌ടിച്ച മഴയും തുലാവർഷവും ഒന്നിച്ചപ്പോൾ ജില്ലയിൽ തോരാദുരിതം പെയ്‌തിറങ്ങി. ഒപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയായതോടെ കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാക്കി.
ആലപ്പുഴ - ചങ്ങനാശേരി റോഡിൽ പലയിടത്തും വെള്ളംകയറി. മങ്കൊമ്പ്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. പമ്പ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ആറുകളും തോടുകളും കരകവിഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കൈനകരി, മങ്കൊമ്പ്, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, തണ്ണീർമുക്കം, നെടുമുടി തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. അതിശക്തമായ രീതിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തകരും പൊലീസ് - ഫയർഫോഴ്‌സ് തുടങ്ങിയ സേനകളും സജീവമാണ്.
അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനം സജീവം ചെങ്ങന്നൂരിലും അപ്പർകുട്ടനാട്ടിലും പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എടത്വ, തകഴി, തലവടി, മുട്ടാർ തുടങ്ങിയ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നത്.
also read: കുത്തിയൊലിച്ചിറങ്ങിയ വെള്ളത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോറിക്ഷ യാത്രക്കാർ
തോട്ടപ്പള്ളിയിൽ നിന്നും മത്സ്യഫെഡിന്‍റെ നേതൃത്വത്തിൽ സജ്ജമാക്കിയ മത്സ്യബന്ധന യാനങ്ങൾ ഇവിടങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വീയപുരം പ്രദേശത്ത് അടിയന്തര സാഹചര്യം നേരിടുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി സ്‌പീഡ്‌ബോട്ടുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.