കേരളം

kerala

ETV Bharat / state

കനത്ത മഴയിൽ അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി - rain heavy kerala

കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തി പ്രാപിച്ചതോടെയും മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകൾ വെള്ളത്തില്‍ മുങ്ങി

അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി  കനത്ത മഴ  ആലപ്പുഴ  Upper Kuttanad flooded with rain water  alappuzha  upper kuttanad  rain heavy kerala  കേരളം മഴ വാർത്ത
കനത്ത മഴയിൽ അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി

By

Published : Aug 8, 2020, 10:51 AM IST

Updated : Aug 8, 2020, 11:34 AM IST

ആലപ്പുഴ:കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും ശക്തി പ്രാപിച്ചതോടെ അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി. മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകളാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും വർധിച്ചതോടെ പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. തലവടി ചക്കുളം കുതിരച്ചാല്‍ കോളനി വെള്ളത്തില്‍ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറി. കോളനിയിലെ ഇ.കെ തങ്കപ്പന്‍റെ വീട്ടിലാണ് ആദ്യം വെള്ളം കയറിയത്. തുടര്‍ന്ന് മറ്റ് കോളനി നിവാസികളുടെ വീടുകളിലും വൈകിട്ടോടെ വെള്ളം നിറഞ്ഞു. കോളനിയില്‍ നിന്ന് പുറത്തുകടക്കുന്ന റോഡ് അരയറ്റം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. കോളനി നിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. തിരുവല്ല- എടത്വാ സംസ്ഥാനപാതയെയും എസി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടാര്‍- കിടങ്ങറ റോഡില്‍ കുമരങ്കരി പള്ളിക്ക് സമീപവും എടത്വാ- തായങ്കരി- വേഴപ്ര റോഡില്‍ പടനിലത്തിന് സമീപവും വീയപുരം- ചെറുതന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാഞ്ചിരംതുരുത്ത് റോഡും തലവടി ഷാപ്പുപടി- പൂന്തുരുത്തി റോഡുകളും ഗ്രാമപ്രദേശത്തെ ഇടറോഡുകളുമാണ് വെള്ളത്തില്‍ മുങ്ങിയത്.

റോഡുകളും വീടുകളും വെള്ളം നിറഞ്ഞു

റോഡുകള്‍ക്കൊപ്പം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ സംസ്ഥാനപാതയും എസി റോഡുമായി ബന്ധിപ്പിക്കുന്ന മൂന്നോളം ബൈറൂട്ടുകളിലെ വാഹന ഗതാഗതവും സ്‌തംഭിക്കും. കുട്ടനാട്ടിലെ റോഡുകളുടെ ഉയരക്കുറവാണ് വെള്ളം പെട്ടെന്നുകയറാന്‍ കാരണമാകുന്നത്. ബസ് സര്‍വീസ് ഇല്ലാത്ത കാഞ്ചിരംതുരുത്ത് റോഡിലും വെള്ളം കയറി. ഷാപ്പുപടി- കളത്തിക്കടവ് റോഡിന്‍റെ അവസ്ഥയും വ്യത്യസ്ഥമല്ല. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളിലേക്ക് മാറുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. വെള്ളം ഉയർന്ന സ്ഥലങ്ങളില്‍ റവന്യു, പഞ്ചായത്ത് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. സ്‌കൂളുകള്‍, പൊതുകേന്ദ്രങ്ങൾ എന്നിവ സജ്ജീകരിച്ച് ജനങ്ങളെ മാറ്റാനാണ് തീരുമാനം. മഴ തുടരുന്നതിനാൽ വീണ്ടുമൊരു പ്രളയസാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

Last Updated : Aug 8, 2020, 11:34 AM IST

ABOUT THE AUTHOR

...view details