ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ ചതുപ്പിൽ നിന്ന് അജ്ഞാത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിലെ പൂട്ടിപ്പോയ കോർക്ക് കമ്പനിക്ക് സമീപം കാടുകയറി കിടക്കുന്ന ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലം ഉടമ മത്സ്യകൃഷി നടത്തുന്നതിനായി ജെസിബി ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒക്ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി സ്വദേശി സേവ്യറിന്‍റേതാണ് മൃതദേഹമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ തിരോധാനത്തിൽ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.