ആലപ്പുഴ: സംസ്ഥാനത്ത് നടക്കുന്നത് ഇടതുപക്ഷ ഭരണമല്ല സാർവ്വത്രിക അഴിമതിയാണെന്ന് ആർഎസ്‌പി കേന്ദ്ര കമ്മിറ്റി അംഗം എൻ.കെ പ്രേമചന്ദ്രൻ എംപി. യുവാക്കളെ പറഞ്ഞു കബളിപ്പിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്നും കേരളത്തിൽ കൺസൽട്ടൻസി ഭരണമാണ് നടക്കുന്നതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഹരിപ്പാട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കുന്നത് സാർവ്വത്രിക അഴിമതി: എൻ.കെ പ്രേമചന്ദ്രൻ
സംസ്ഥാന മുഖ്യമന്ത്രി അഴിമതിയുടെ ശരശയ്യയിലാണെങ്കിൽ അദ്ദേഹത്തെ അമ്പെയ്‌ത് വീഴ്ത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും പ്രേമചന്ദ്രൻ
കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൊടുത്തുവിട്ട അമ്പുകൾ ഒന്നുപോലും ലക്ഷ്യം കാണാതിരുന്നിട്ടില്ല. കേരളത്തിന്‍റെ മുഖ്യമന്ത്രി അഴിമതിയുടെ ശരശയ്യയിലാണെങ്കിൽ അദ്ദേഹത്തെ അമ്പെയ്‌ത് വീഴ്ത്തിയത് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സൈബർ സഖാക്കൾ ഉറഞ്ഞുതുള്ളി അതിനെ ഹാസ്യവത്കരിക്കുകയാണ്. എന്നാൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഏതെങ്കിലും ഒരാരോപണം പാഴാഴിപ്പോയോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു.
പിഎസ്‌സി പരീക്ഷ എഴുതിയവര്‍ തൊഴിലിന് വേണ്ടി കാത്തിരിക്കുമ്പോൾ, ലക്ഷക്കണക്കിന് രൂപ കൈക്കൂലി നൽകി പാർട്ടിക്കാർക്കും അവരുടെ മക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ജോലി നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെയെല്ലാമുള്ള വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.