ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ട്യൂഷൻ അധ്യാപകന്‍റെ മർദനം. മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ജുവനൈൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ലോക്ക് ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മർദന വിവരമറിഞ്ഞ വാർഡ് മെമ്പർ ഐശ്വര്യയാണ് ചൈൽഡ് ലൈനിലും പൊലീസിലും അധ്യാപകനെതിരെ പരാതി നൽകിയത്.
മൂന്നാം ക്ലാസ് വിദ്യാർഥിക്ക് മർദനം; ട്യൂഷൻ അധ്യാപകനെതിരെ കേസെടുത്തു - അധ്യാപകനെതിരെ കേസ്
അടി കിട്ടിയ വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും വിഷയം ചൈൽഡ് ലൈനിലോ പൊലീസിനെയോ അറിയിക്കാൻ വീട്ടുകാർ തയാറായില്ല. തുടർന്ന്, വാർഡ് മെമ്പറിന്‍റെ പരാതിയിൽ പൊലീസ് അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു
ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് മർദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം അടികൊണ്ട പാടുകളുണ്ട്. മുരളി കുട്ടികളെ അടിക്കുന്നതായും അസഭ്യം പറയുന്നതായും പരാതികൾ ഉയർന്നിരുന്നതായി മെമ്പർ പറഞ്ഞു. അടി കിട്ടിയ വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും വിഷയം ചൈൽഡ് ലൈനിലോ പൊലീസിനെയോ അറിയിക്കാൻ വീട്ടുകാർ തയാറായില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം വാർഡ് മെമ്പറെ അറിയിച്ചത്. തുടർന്ന് വാർഡ് മെമ്പറിന്‍റെ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അധ്യാപകനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.