ആലപ്പുഴ :രാജ്യത്ത് ദിനം പ്രതിയുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന പ്രതിഷേധ സമരം പൂർണം. രാവിലെ 11 മുതൽ 11. 15 വരെയാണ് റോഡിൽ വണ്ടികൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്.
സമര സമയത്ത് നിരത്തുകളിൽ വണ്ടി എവിടെയായിരുന്നോ അവിടെ നിർത്തി പ്രതിഷേധത്തിൽ പങ്കാളിയാകാനായിരുന്നു ആഹ്വാനം. ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പങ്കെടുത്തു.
ഇന്ധന വിലവർധന : ചക്രസ്‌തംഭന പ്രതിഷേധം പൂർണം ചക്രസ്‌തംഭന പ്രതിഷേധം പൂർണം
സിപിഎം ജില്ല സെക്രട്ടറി ആർ നാസർ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലും സിപിഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ് ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കൽ ഏ.വി.ജെ ജംഗ്‌ഷനിലും പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി.
എംഎൽഎമാരായ പി പി ചിത്തരഞ്ജൻ ആലപ്പുഴ കൊമ്മാടിയിലും എച്ച് സലാം അമ്പലപ്പുഴ കച്ചേരിമുക്കിലും എം എസ് അരുൺകുമാർ മാവേലിക്കര നഗരത്തിലും സമരത്തിൽ പങ്കാളിയായി.
READ MORE:ഇന്ധനവില വര്‍ധനയില്‍ ട്രേഡ് യൂണിയനുകളുടെ ചക്രസ്തംഭന സമരം
ഇതിനുപുറമെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാരവാഹികൾ ജില്ലയിലെ നൂറുകണക്കിന് സമരകേന്ദ്രങ്ങളിൽ പങ്കെടുത്ത് പ്രതിഷേധ സമരത്തില്ർ അണിനിരന്നു.അതേസമയം പ്രതിഷേധം വകവെയ്ക്കാതെ സമര കേന്ദ്രത്തിന് മുന്നിലൂടെ ചിലർ വാഹനമോടിച്ചത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു.
ഇത് ചിലയിടങ്ങളിൽ നേരിയ തോതിലുള്ള സംഘർഷത്തിനിടയാക്കി. എല്ലായിടത്തും കനത്ത പൊലീസ് കാവലിലാണ് സമരങ്ങൾ സംഘടിപ്പിച്ചത്. അധിക നികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആംബുലൻസുകളെ ഒഴിവാക്കിയിരുന്നു.