ആലപ്പുഴ:തോട്ടപ്പള്ളി സ്പിൽവേയ്ക്ക് പടിഞ്ഞാറ് പൊഴിമുറിക്കൽ വേഗത്തിലാക്കിയതോടെ കിഴക്കൻ വെള്ളത്തിന്‍റെ കടലിലേക്കുള്ള ഒഴുക്കിന് വേഗം കൂടി. നിലവിലുള്ള മൂന്ന് ഹിറ്റാച്ചികൾക്ക് പുറമേ നാലെണ്ണം കൂടിയെത്തിച്ചാണ് പൊഴിമുറിക്കലിന് വേഗം കൂട്ടിയത്. ഇതിന് പുറമേ രണ്ട് ലോങറുകളും സ്ഥലത്തെത്തിച്ചിരുന്നു. പൊഴിയുടെ തെക്ക് ഭാഗത്ത് രണ്ടും വടക്കുഭാഗത്ത് നാലും ഹിറ്റാച്ചികളാണ് മണ്ണ് നീക്കാൻ ഉപയോഗിക്കുന്നത്. മറ്റൊരെണ്ണം പൊഴി മുറിച്ച മണ്ണ് മാറ്റുന്നതിനുമാണ് ഉപയോഗിക്കുന്നത്.
തോട്ടപ്പള്ളി പൊഴിമുറിക്കൽ വേഗത്തിലാക്കി; നീരൊഴുക്ക് ശക്തമായി - ആലപ്പുഴ
പൊഴിമുറിക്കൽ വേഗത്തിലാക്കിയതോടെ കിഴക്കൻ വെള്ളത്തിന്‍റെ കടലിലേക്കുള്ള ഒഴുക്കിന് വേഗം കൂടി
വേലിയിറക്കത്തിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച വൈകിട്ടോടെ നീരൊഴിക്കും ശക്തമായിട്ടുണ്ട്. കുട്ടനാടൻ പ്രദേശത്തെ ജലനിരപ്പ് താഴുന്നതിന് ഇത് സഹായകമാകും. ചാനലിന്‍റെ യഥാർഥ ആഴത്തിന്‍റെ പകുതി വരെയേ ഇപ്പോഴത്തെ ഷട്ടറുകൾ എത്തുന്നുള്ളൂ. മണൽ അടിയുന്നതിനാലാണ് അടിയിലൂടെ ഓരുവെള്ളം കയറാത്തത്. 40 ഷട്ടറുള്ള പൊഴിക്ക് വീയപുരം വരെ 300 മീറ്ററെങ്കിലും വീതിവേണമെന്ന് മുൻപ് പഠനം നടത്തിയ ഐഐടിയിലെ വിദഗ്ധർ നിർദേശിച്ചിരുന്നു. എന്നാൽ, മണ്ണ് മാറ്റുന്നതിന്‍റെ നിരക്ക് സംബന്ധിച്ചാണ് ആശയക്കുഴപ്പമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എന്നാൽ പൊഴിമുറിക്കലുമായി ബന്ധപ്പെട്ട് പ്രാദേശികമായി എതിർപ്പ് നിലനിൽക്കുന്നുണ്ട്. മന്ത്രി ജി സുധാകരന്‍റെ നിർദേശപ്രകാരം പൊഴിമുറിക്കൽ ആരംഭിച്ചയുടൻ ഇതിനെതിരെ രംഗത്തെത്തിയ സിപിഎം പ്രാദേശിക പ്രവർത്തകരെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
വെള്ളപ്പൊക്കത്തിന്‍റെ പേരിൽ കാറ്റാടി മരങ്ങൾ മുറിച്ച് കരിമണൽ കടത്താനുള്ള നീക്കത്തെ എതിർക്കുമെന്നാണ് പുറക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. തോട്ടപ്പള്ളയിൽ ഷട്ടറുകൾ തുറന്നത് നീരൊഴുക്ക് വേഗത്തിലാക്കിയിട്ടുണ്ട് എങ്കിലും കുട്ടനാട്ടിൽ നിന്ന് തോട്ടപ്പള്ളിയിലേക്ക് വെള്ളമൊഴുകി എത്താത്തത് കുട്ടനാട്ടിൽ വെള്ളക്കെട്ടിനിൽക്കാൻ കാരണമായിട്ടുണ്ട്.