ആലപ്പുഴ :എഴുപത് വർഷം പഴക്കമുള്ള തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തകര്‍ന്നതിന് കാരണം നിർമാണത്തിലെ വൈകല്യവും അഴിമതിയുമാണെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ. ഷട്ടർ തകർന്ന തോട്ടപ്പള്ളിയിലെ സ്പിൽവേ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
ആലപ്പുഴ തീരത്തുള്ള 15 പൊഴികൾ തുറന്ന് ജല നിർഗമനം ഉറപ്പുവരുത്തിയാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കാനാവും. തണ്ണീർമുക്കം ബണ്ട് 150 ദിവസം അടച്ചിട്ടു. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ പ്രവർത്തന രഹിതമായി.
അന്തർ ദേശീയ കാർഷിക പൈതൃക കേന്ദ്രമെന്ന നിലയിലും, റാം സാർ തണ്ണീർത്തടമെന്ന അംഗീകാരവും ഉള്ള കുട്ടനാടിനെ രക്ഷിക്കാൻ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ അഭ്യർഥിച്ചു.
തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തകർന്നതിന് കാരണം അഴിമതിയെന്ന് കുമ്മനം സർക്കാരിനെതിരെ ആരോപണങ്ങൾ
കുട്ടനാടിനെ സംരക്ഷിക്കാനും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുമാണ് 1950ൽ തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. അറ്റകുറ്റപണികൾക്ക് ഏതാനും വർഷം മുൻപ് എട്ട് കോടി രൂപ ചെലവഴിച്ചു. പക്ഷേ കടലിൽ നിന്ന് വെള്ളം വരുന്നത് തടയാനോ വെള്ളപ്പൊക്കക്കാലത്ത് കുട്ടനാട്ടിലെ വെള്ളം കടലിലേയ്ക്ക് ഒഴുക്കിവിടാനോ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് കഴിയുന്നില്ല.
തന്മൂലം ഉണ്ടായ നാശങ്ങളും പരിസ്ഥിതി ദുരന്തവും കുട്ടനാടിനെ ആപത്കരമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചു. 500 കാറ്റാടി മരങ്ങൾ വെട്ടിനശിപ്പിച്ചു. മരവും, മണലും കൊള്ള ചെയ്‌ത് കരിഞ്ചന്തക്കാർക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നു. തീരദേശ ഭൂമിയെ തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നു.
13 കിലോമീറ്റർ ദൂരമുള്ള കനാലിൻ്റെ ആഴം കൂടി നീരൊഴുക്ക് സുഗമമാക്കിയാൽ മാത്രമേ കുട്ടനാടിൻ്റെ പ്രശ്നം പരിഹരിക്കപ്പെടൂ. തീരദേശത്തെ കരിമണൽ നീക്കം ചെയ്യുന്നത് പോലെ സർക്കാരിന് ലീഡിംഗ് കനാൽ പുനരുജ്ജീവിപ്പിക്കുന്നതിൽ താത്പര്യമില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
കുമ്മനത്തോടൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി എസ് .സുരേഷ് , ജില്ല പ്രസിഡൻ്റ് എം വി ഗോപകുമാർ, ജില്ല ജനറൽ സെക്രട്ടറി ഡി അശ്വിനി ദേവ് , ജില്ല ട്രഷറർ കെ.ജി കർത്ത, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് വിഷാരത്ത്, ആരോമൽ രാജ് തുടങ്ങിയവരുമുണ്ടായിരുന്നു.