ആലപ്പുഴ: സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന 'കാരുണ്യ' പദ്ധതി, കൂടുതൽ ആകർഷകവും പ്രയോജനപ്രദവുമാക്കി കൂടുതൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം തുടരുകയാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഒരാൾക്ക് ജീവിതകാലത്ത് ഒരിക്കൽ മാത്രം പരമാവധി മൂന്നുലക്ഷം രൂപവരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വർഷവും അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിൽ നിന്നും പിന്മാറണമെന്നും ധനമന്ത്രി പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കാരുണ്യ പദ്ധതി, കൂടുതൽ ആകർഷകവും പ്രയോജനപ്രദവുമാക്കി കൂടുതൽ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം തുടരുകയാണ്. ഒരാൾക്ക് ജീവിതകാലത്ത് ഒരിക്കൽ മാത്രം പരമാവധി മൂന്നുലക്ഷം രൂപവരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വർഷവും അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം.
ഇക്കാര്യത്തിൽ നിയമസഭയ്ക്കു നൽകിയ ഉറപ്പ് ഉടൻ തന്നെ സർക്കാർ ഉത്തരവായി പുറത്തിറങ്ങും. ഏത് അക്രെഡിറ്റഡ് ആശുപത്രിയിൽ ചെല്ലുന്ന രോഗിക്കും ഒരുകാരണം കൊണ്ടും ചികിത്സ നിഷേധിക്കപ്പെടില്ല. ഏതെങ്കിലും രോഗിയ്ക്ക് കൂടുതൽ പണം ചെലവാകുന്നുണ്ടെങ്കിൽ, അതെങ്ങനെ നൽകാനാകും എന്ന കാര്യവും ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊന്നും സർക്കാർ ആശുപത്രികൾ ഒരു വീഴ്ചയും വരുത്താൻ പാടില്ല. മെഡിക്കൽ കോളജുകൾ, ജില്ലാ, താലൂക്ക് ആശുപത്രികൾ എന്നിവയ്‌ക്കൊക്കെ ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നേട്ടങ്ങൾ വിശദമായി നേരത്തെ എഴുതിയിരുന്നതാണ്. അവ ഒന്നുകൂടി ചുരുക്കിപ്പറയാം. കാരുണ്യാ ചികിത്സാ സഹായ പദ്ധതിയിലൂടെ ഏഴുകൊല്ലം കൊണ്ട് 2.3 ലക്ഷം പേർക്കാണ് സഹായം ലഭിച്ചത്. ഇതേ കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയായി വിപുലപ്പെടുത്തുമ്പോൾ ആദ്യവർഷം തന്നെ 20 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക.
ഒരു റേഷൻകാർഡിന് ആയുഷ്കാലം ലഭിക്കുന്ന പരമാവധി സഹായം മൂന്നുലക്ഷം രൂപയാണ്. ഈ പരമാവധി തുക ലഭിച്ച ആൾക്ക് പിന്നീട് ഒരിക്കലും കാരുണ്യ ബെനവലന്‍റ് ഫണ്ട് പ്രകാരമുള്ള സഹായത്തിന് അർഹതയുണ്ടാവില്ല. കാരുണ്യ ഇൻഷ്വറൻസിലാകട്ടെ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാ സഹായമാണ് ഉറപ്പാക്കുന്നു.