ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി പക്ഷം. യുഡിഎഫ് ഘടകകക്ഷി എന്ന നിലയിൽ കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതാണ്. ആ സീറ്റിൽ പാർട്ടി തന്നെ മത്സരിക്കണമെന്നാണ് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം. കേരള കോൺഗ്രസ് (എം) ചെയർമാൻ എന്ന നിലയിൽ ആ വികാരത്തെ സംരക്ഷിക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമാണ്. സീറ്റിന്‍റെ കാര്യത്തിൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ തന്‍റെ തീരുമാനത്തിനാണ് യുഡിഎഫ് വില കൽപ്പിക്കേണ്ടതെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്. എന്നാൽ കാലങ്ങളായി കേരള കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗമാണ് ആ സീറ്റിൽ മത്സരിക്കുന്നതെന്ന വാദവുമായി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫും രംഗത്തുണ്ട്.
കുട്ടനാട് സീറ്റിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ജോസ് കെ. മാണി; നിർണായക യോഗം ഇന്ന് - pj joseph
സീറ്റിന്‍റെ കാര്യത്തിൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ തന്‍റെ തീരുമാനത്തിനാണ് യുഡിഎഫ് വില കൽപ്പിക്കേണ്ടതെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.
ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം കൂടി ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതോടെ സ്വാധീനം വർധിക്കുമെന്നാണ് ഈ വിഭാഗത്തിന്‍റെ വാദം. സീറ്റിന്‍റെ കാര്യത്തിൽ ജോസഫ് വിഭാഗവുമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ കുട്ടനാട്ടിൽ പാലായിലെ യുഡിഎഫിന്‍റെ പരാജയം ആവർത്തിക്കാതിരിക്കാൻ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇക്കാര്യം കേരള കോൺഗ്രസ് എമ്മിനെ ബോധ്യപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാൽ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന കാര്യം ജോസ് കെ. മാണി മുന്നണി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ ഇന്ന് കുട്ടനാട്ടിൽ ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഉപസമിതി യോഗം ചേരും. എൻസിപി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.