കായംകുളം : മൃതദേഹം സംസ‌്കരിക്കുന്നതിനെച്ചൊല്ലി ഓർത്തഡോക‌്സ‌് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം ഒരാഴ‌്ച കഴിഞ്ഞിട്ടും മൃതദേഹം സംസ‌്കരിക്കാനായില്ല. മഞ്ഞാടിത്തറ തോപ്പിൽ മറിയാമ്മ ഫിലിപ്പിന്‍റെ (84) മൃതദേഹമാണ് സംസ‌്കാരം നടത്താനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത‌്. കായംകുളം യാക്കോബായ ഇടവകയിലെ അംഗമാണ് മറിയാമ്മ.
മറിയാമ്മ ജീവൻ വെടിഞ്ഞിട്ട് ഏഴ് ദിവസം: കോടതി കനിയാതെ സംസ്കാരമില്ല
കഴിഞ്ഞ ദിവസം ഉണ്ടായ കോടതിവിധി അനുസരിച്ച് 1934ലെ ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് വൈദികരുടെ നേതൃത്വത്തിൽ മൃതദേഹം സംസ‌്കരിക്കണമെന്നാണ് നിയമം.
സെമിത്തേരിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ട‌്. ഓർത്തഡോക‌്സ‌് വിഭാഗത്തിന്‍റെ കൈവശമാണ് സെമിത്തേരി. യാക്കോബായ വിഭാഗക്കാർ മരിച്ചാൽ കോടതി ഉത്തരവിലൂടെ പള്ളിയിലും സെമിത്തേരിക്ക‌് സമീപവും ശുശ്രൂഷ നടത്തി ബന്ധുക്കൾ മൃതദേഹം സെമിത്തേരിയിൽ എത്തിച്ച‌് സംസ‌്കരിക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഉണ്ടായ കോടതിവിധി അനുസരിച്ച് 1934ലെ ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് വൈദികരുടെ നേതൃത്വത്തിൽ മൃതദേഹം സംസ‌്കരിക്കണമെന്നാണ് നിയമം.
ഇത് അംഗീകരിക്കാൻ മറിയാമ്മയുടെ വീട്ടുകാരും യാക്കോബായ വിഭാഗവും തയ്യാറായില്ല. തങ്ങളുടെ വിശ്വാസം അനുസരിച്ച് ബന്ധുക്കളെ അടക്കം ചെയ‌്ത അതേ കല്ലറയിൽ സംസ‌്കരിക്കണമെന്ന് മറിയാമ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതാണ് മൃതദേഹം സംസ്‌കരിക്കാൻ വൈകുന്നത്. വിഷയം കോടതി പരിശോധിക്കും.