ആലപ്പുഴ : കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കർഫ്യു ആലപ്പുഴയിൽ പൂർണം. എല്ലാ ഹർത്താൽ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന കമ്പോളമായ നഗരത്തിലെ സക്കറിയ ബസാർ ഇന്ന് പൂർണമായും അടഞ്ഞുകിടന്നു. ജനങ്ങൾ പൂർണമായും പുറത്തിറങ്ങാത്ത സാഹചര്യമാണ് ആലപ്പുഴയിലുള്ളത്. റോഡരികിലെ കടകളും ഭക്ഷണശാലകളും പൂർണമായും അടഞ്ഞു കിടക്കുകയും നഗരത്തിലെ തെരുവുകൾ വിജനവുമാണ്. ആശുപത്രിയിലേക്കുള്ള അടിയന്തര സർവീസുകൾ മാത്രമാണ് ആലപ്പുഴയിൽ നിലവിൽ പ്രവർത്തിക്കുന്നത്. ആരാധനാലയങ്ങൾ അടച്ച് കർഫ്യൂവിന് പൂർണ പിന്തുണയുമായി മതമേലധ്യക്ഷന്മാരും രംഗത്തെത്തി. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസുകൾ നടത്താതെ കർഫ്യൂവിനോട് പൂർണമായും സഹകരിക്കുകയാണ്.
ജനതാ കർഫ്യൂ; ആലപ്പുഴയിൽ പൂർണം - കൊറോണ
കടകളും ഭക്ഷണശാലകളും അടഞ്ഞു കിടക്കുകയും നഗരത്തിലെ തെരുവുകൾ വിജനവുമാണ്.
![ജനതാ കർഫ്യൂ; ആലപ്പുഴയിൽ പൂർണം ആലപ്പുഴ ജനതാ കർഫ്യൂ janatha curfew alappuzha covid corona കൊവിഡ് കൊറോണ The Janata curfew; Almost complete in Alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6502987-138-6502987-1584866812238.jpg)
ചിലയിടങ്ങളിൽ മാത്രം ഇരുചക്രവാഹനങ്ങളിൽ ആളുകൾ സഞ്ചരിക്കുന്നത് ഒഴിച്ചാൽ ആലപ്പുഴയിൽ കർഫ്യൂ പൂർണമാണ്. ജില്ലാ ഭരണ കേന്ദ്രമായ കലക്‌ടറേറ്റിൽ പോലും ജീവനക്കാർ എത്തിയില്ല. എന്നാൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ കൊവിഡ് 19 കേസുകളിൽ അയ്യായിരത്തിലേറെ ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതുതായി 713 പേരാണ് നിരീക്ഷണത്തിൽ വന്നത്. 140 സാമ്പിളുകൾ പരിശോധിച്ചതിൽ 132 കേസുകളുടെ ഫലമാണ് പുറത്ത് വന്നത്. പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെ വിവാഹ സൽക്കാരം സംഘടിപ്പിച്ചതിന് ആലപ്പുഴ സ്വദേശികൾക്കെതിരെ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.