കേരളം

kerala

ETV Bharat / state

കരയാത്ത ഗൗരി, തളരാത്ത ഗൗരി; കേരളത്തിന്‍റെ സമരനായികയ്ക്ക് 102 വയസ് - raman gouri

കെ.ആർ ഗൗരിയമ്മയ്ക്ക്‌ ഇന്ന് 102-ാം പിറന്നാൾ. ഐക്യകേരളം രൂപം കൊണ്ടതിന് ശേഷം 2011 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പോരാടനിറങ്ങിയ ഒരേയൊരു വ്യക്തി. അഞ്ച് തവണ മന്ത്രിയായി. 17 തെരഞ്ഞെടുപ്പുകളിൽ 13 തവണയും വിജയം നേടി.

കെ.ആർ ഗൗരിയമ്മ  കേരള രാഷ്ട്രീയം  ധീര വനിത  k.r.gauriyamma  kerala politics  brave women  raman gouri  രാമൻ ഗൗരി
കരയാത്ത ഗൗരി, തളരാത്ത ഗൗരി; കേരളത്തിന്‍റെ സമരനായികയ്‌ക്ക് 102 വയസ്

By

Published : Jul 7, 2020, 6:57 AM IST

കേരള രാഷ്ട്രീയത്തിന്‍റെ ഉരുക്ക് വനിതക്ക് ഇന്ന് 102 -ാം പിറന്നാൾ

മിഥുനത്തിലെ തിരുവോണത്തിൽ 102 തികയുമ്പോഴും പ്രായം തളർത്താത്ത വിപ്ലവ വീര്യവുമായാണ് കേരളനാടിന്‍റെ സമര നായിക ഉദിച്ചു നിൽക്കുന്നത്. തിരു - കൊച്ചി മന്ത്രിസഭ തൊട്ട് ഇന്ന് വരെ കെ.ആർ ഗൗരി എന്ന പേരിന് കേരള രാഷ്ട്രീയത്തിൽ അടർത്തി മാറ്റാനാവാത്ത സ്ഥാനമുണ്ട്. ഐക്യകേരളം രൂപം കൊണ്ടതിന് ശേഷം 2011 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പോരാടനിറങ്ങിയ മറ്റൊരു വ്യക്തിയും കേരളത്തിന്‍റെ ചരിത്രത്തിലില്ല. അഞ്ച് തവണ മന്ത്രിയായി. 17 തെരഞ്ഞെടുപ്പുകളിൽ 13 തവണയും വിജയിച്ചു. സമര പോരാട്ടങ്ങൾക്കൊപ്പം ഉയർച്ചയും വീഴ്‌ചയും നിറഞ്ഞ സംഭവ ബഹുലമായ രാഷ്ട്രീയ ചരിത്രം കൂടിയാണ് ഈ ധീര വനിതയുടേത്.

ജീവിത വഴികളിലൂടെ

കേരളത്തിന്‍റെ വിപ്ലവ ഭൂമിയായ ആലപ്പുഴയുടെ ചുവന്ന മണ്ണിൽ നിന്നാണ് കളത്തിൽ പറമ്പിൽ രാമൻ ഗൗരി എന്ന ഗൗരിയമ്മ തന്‍റെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. ചൂഷണത്തിനിരയായൊരു സമൂഹത്തിനായി സമര ഭൂമിയിൽ ചെങ്കൊടിക്കൊപ്പമായിരുന്നു പ്രവർത്തനം. 1952ലും 1954ലും തിരുകൊച്ചി മന്ത്രിസഭയിൽ അംഗമായി. 1957ൽ ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന പ്രഥമ കേരള മന്ത്രിസഭയിൽ റവന്യു മന്ത്രിയായി ചുമതലയേറ്റു. ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം, പാട്ടകുടിയാൻ നിയമം എന്നിവ അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ.

സഹപ്രവർത്തകനും, ഇ.എം.എസ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ടി.വി തോമസിനെ വിവാഹം കഴിച്ചെങ്കിലും 1964ൽ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നതോടെ ജീവിതവും, പോരാട്ടവും ഇരു ചേരികളിലായി. പിന്നീട് സിപിഎമ്മിനൊപ്പം ചേർന്ന് മുന്നോട്ട്. വനിതാ നേതാക്കൾക്ക് പ്രാതിനിധ്യം കുറഞ്ഞകാലത്തും "കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെ" എന്ന മുദ്രാവാക്യം 1987ൽ കേരളക്കരയാകെ അലയടിച്ചു. 1994ലാണ് സിപിഎമ്മിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെടുന്നത്. എന്നാൽ രാഷ്ട്രീയത്തിലും ജീവിതത്തിലും നിലപാടുകളിൽ ഉറച്ചുനിന്ന പെൺശൗര്യത്തെ തളർത്താൻ പാർട്ടി നടപടിക്കായില്ല. സിപിഎമ്മിന് മറുപടിയായി ജെഎസ്എസ് രൂപീകരിച്ച് യു.ഡി.എഫിനൊപ്പം രാഷ്ട്രീയ പ്രവർത്തനം തുടർന്നു. 2001ലും, 2004ലും യുഡിഎഫ് മന്ത്രി സഭയിൽ അംഗമായി. 2006 മുതലാണ് ഗൗരിയമ്മക്ക് തുടർച്ചയായ തിരിച്ചടികൾ നേരിടേണ്ടി വരുന്നത്.

2006ൽ സ്വന്തം തട്ടകമായ അരൂരിലും, 2011 ചേർത്തലയിലും പരാജയമേൽക്കേണ്ടി വന്നു. ഇതോടെ യുഡിഎഫിൽ ജെഎസ്എസിന്‍റെ പ്രാധാന്യം കുറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ പടലപിണക്കങ്ങൾ രൂപപ്പെട്ടതോടെ 2014ൽ യുഡിഎഫ് വിട്ട് ജനാധിപത്യ സംരക്ഷണ സമിതി ഇടതിനൊപ്പം ചേർന്നു. സ്നേഹപൂർവം സിപിഎം ഗൗരിയമ്മയെ സ്വീകരിച്ചെങ്കിലും പഴയ പ്രാധാന്യം ഇടത് പാളയത്തിൽ ലഭിച്ചില്ല എന്നതാണ് വസ്‌തുത. വീഴ്‌ചകൾക്കിടയിലും വിട്ടുവീഴ്‌ചകളില്ലാത്ത രാഷ്ട്രീയ നിലപാടുകളിലൂടെ ഗൗരിയമ്മ എന്ന വിപ്ലവനായിക തലയുയർത്തി തന്നെ നിൽക്കുന്നു. 102 വയസിലും ആലപ്പുഴയിലെ വീട്ടിലെ ഏകാന്തതയിൽ ഗൗരിയമ്മക്ക് കൂട്ടായി ഉള്ളതും വിട്ടുവീഴ്‌ചകളില്ലാത്ത ഈ വിപ്ലവ വീര്യം തന്നെ.

ABOUT THE AUTHOR

...view details