ആലപ്പുഴ:കടലാക്രമണവും വെള്ളപ്പൊക്കവുമെല്ലാം നേരിട്ടിട്ടുള്ള തീരദേശ ജനതയ്ക്ക് ഇനി ആശ്വസിക്കാം. കരുതലായി അഭയകേന്ദ്രം അവർക്കൊപ്പം ഉണ്ടാകും. സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രം എന്നതിലുപരി സ്ഥിരമായി പ്രവർത്തിക്കുന്ന ഹാള്‍ ഉള്‍പ്പടെയുള്ള ഒരു കേന്ദ്രം കൂടി തദ്ദേശീയമായി ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത.
തീരദേശത്തിന് ഇനി ദുരിതാശ്വാസ അഭയകേന്ദ്രം തണൽവിരിക്കും - coastal area will no longer be a relief shelter
മേൽനോട്ടത്തിനു ഷെല്‍ട്ടര്‍ മാനേജ്മെന്‍റ് കമ്മറ്റി, 800 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം.
ലോകബാങ്കിന്‍റെ സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിന്‍റെ നിയന്ത്രണം ജില്ലാ കലക്ടർക്കായിരിക്കും. അഭയ കേന്ദ്രത്തിന്‍റെ പരിപാലനത്തിനായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പ്രിയേഷ് കുമാർ ചെയർമാനായിട്ടുള്ള സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസർ കൺവീനറായും പഞ്ചായത്ത് അംഗങ്ങൾ, പോലീസ് , ഫിഷറീസ്, ഫയർ, ഇറിഗേഷൻ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ എന്നിവരും സമിതിയിൽ അംഗങ്ങൾ ആണ്.
830 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കെട്ടിടത്തിന് താഴെ നിലയിലും മുകളിലെ നിലയിലും ഹാൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകൾ, ഭിന്നശേഷിക്കാർക്കായുള്ള ശുചി മുറി, അടുക്കള, സിക്ക് റൂം, സ്റ്റോര്‍, ജനറേറ്റര്‍ റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ വൈദ്യുതീകരണ ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്.
ദുരന്തകാലഘട്ടങ്ങളിൽ അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടം മറ്റു സമയങ്ങളിൽ പൊതുപരിപാടികൾ, വിവാഹം, പരിശീലന പരിപാടികൾ, കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ എന്നിവക്കായും വിനിയോഗിക്കും. കൂടാതെ കടൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് വിശ്രമ കേന്ദ്രമായും അഭയ കേന്ദ്രം മാറും. ദുരന്തകാലഘട്ടങ്ങളിൽ ആയിരത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ജെ ആൻഡ് ജെ അസോസിയേറ്റ്സാണ് പൊതുമരാമത്ത് വകുപ്പിന്‍റെ രൂപകല്‍പ്പന പ്രകാരം കെട്ടിടം സമയബന്ധിതമായി നിർമിച്ചു നൽകിയത്.