ആലപ്പുഴ: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാവുമെന്ന് സൂചന. ജില്ലയിൽ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെ കുട്ടനാട് ഒഴികെയുള്ള എട്ടിടങ്ങളിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്. നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടാണ് ജില്ലയിലെ വിഐപി മണ്ഡലം. അരൂരിൽ സിറ്റിങ് എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്മാൻ തന്നെയാണ് മത്സരിക്കുക. ഉപതെരഞ്ഞെടുപ്പിലൂടെ മണ്ഡലം പിടിച്ചെടുത്ത ഷാനിമോൾ, എംഎൽഎ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചേർത്തലയിൽ എൻഎസ്‌യു ദേശീയ നേതാവ് എസ് ശരത്തിനെയാണ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ശരത്ത്.
ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന
ജില്ലയിൽ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെ കുട്ടനാട് ഒഴികെയുള്ള എട്ടിടങ്ങളിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്.
ആലപ്പുഴയിൽ ഡോ. കെ എസ് മനോജിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സിപിഎം പൊതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ മനോജ് പിന്നീട് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. ലാറ്റിൻ കത്തോലിക്കക്കാരനായ മനോജിനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അമ്പലപ്പുഴയിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജുവാണ് സ്ഥാനാർഥി. കഴിഞ്ഞ തവണ കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ലിജു അഡ്വ. യു പ്രതിഭയോട് പരാജയപ്പെട്ട ശേഷം സംഘടനാ ചുമതലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ലിജുവിനെ പോരിനിറക്കി ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. കായംകുളത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാ ബാബുവിനെയാണ് സ്ഥാനാർഥി ആക്കിയിരിക്കുന്നത്. 22ആം വയസിൽ ജില്ലാ പഞ്ചായത്ത് അംഗമായ അരിതയ്ക്ക് 27 വയസ് മാത്രമാണ് പ്രായം. അഡ്വ. യു പ്രതിഭയെ നേരിടാൻ യുവ സ്ഥാനാർഥിയെ തന്നെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
മാവേലിക്കരയിൽ കെ കെ ഷാജുവിനെയാണ് പരിഗണിക്കുന്നത്. മുൻ എംഎൽഎ കൂടിയായ ഷാജു ജെഎസ്എസ് വിട്ടാണ് കോൺഗ്രസിൽ എത്തിയത്. സംവരണ മണ്ഡലമായത് കൊണ്ട് തന്നെ വിജയസാധ്യതയുള്ള മറ്റ് സ്ഥാനാർഥികളെ ലഭിക്കാത്തത് ഷാജുവിനെ തുണയ്ക്കുകയായിരുന്നു. ചെങ്ങന്നൂരിൽ യുഡിഎഫ് ജില്ലാ കൺവീനറും മുൻ എംഎൽഎയുമായ അഡ്വ. എം മുരളിയാവും യുഡിഎഫ് സ്ഥാനാർഥി. കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് എം-ജോസഫ് വിഭാഗം നേതാവ് ജേക്കബ് എബ്രഹാമാണ് യുഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മേൽകൈ നേടാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.