കേരളം

kerala

ETV Bharat / state

തപാൽ വോട്ടുകൾ കലക്ട്രേറ്റിൽ എണ്ണും; മീഡിയ സെന്‍ററും ഫലപ്രഖ്യാപനവും കലക്ട്രേറ്റിൽ

ഇത്തവണ തപാൽ വോട്ട്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് തപാൽ വോട്ട് (ഇ.ടി.പി.ബി.) എന്നിങ്ങനെ രണ്ടുതരം തപാൽ വോട്ടുകളാണ് ഉള്ളത്.

ആലപ്പുഴ കളക്ട്രേറ്റ്

By

Published : May 14, 2019, 8:27 PM IST

Updated : May 14, 2019, 8:42 PM IST

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ആലപ്പുഴ കലക്ട്രേറ്റില്‍ എണ്ണും. ഇവിടെ തന്നെയാകും മീഡിയ സെന്‍ററും പ്രവർത്തിക്കുക. മറ്റു കേന്ദ്രങ്ങളിലെ കണക്കുകൾ കൂടി കൂട്ടി ഫലപ്രഖ്യാപനം നടത്തുന്നതും വരണാധികാരിയായ ജില്ല കലക്ടറാണ്.

ആദ്യം എണ്ണിത്തുടങ്ങുക തപാൽ വോട്ടുകളാണ്. വോട്ടിങ് യന്ത്രത്തില്‍ അവസാന റൗണ്ടിനു തൊട്ടുമുമ്പുള്ള റൗണ്ട് ആരംഭിക്കും മുമ്പ് തപാൽ വോട്ടുകളുടെ എണ്ണൽ പൂർത്തിയാക്കും. ഇത്തവണ തപാൽ വോട്ട്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് തപാൽ വോട്ട് (ഇ.ടി.പി.ബി.) എന്നിങ്ങനെ രണ്ടുതരം തപാൽ വോട്ടുകളാണ് ഉള്ളത്. ഇവ രണ്ടും തപാൽ മാർഗം തന്നെയാണ് വരണാധികാരിക്കു ലഭിക്കുന്നത്. വോട്ടെണ്ണലിനു നിശ്ചയിച്ച സമയം വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും പരിഗണിക്കും.

ഈ ഘട്ടത്തിലും വിവിധ കാരണങ്ങളാൽ തപാൽ വോട്ടുകൾ നിരസിക്കപ്പെടാമെന്ന് 56(2) ചട്ടം വിശദീകരിക്കുന്നു. വോട്ടു രേഖപ്പെടുത്താതിരിക്കുക, ഒന്നിലധികം പേർക്ക് വോട്ടു രേഖപ്പെടുത്തുക, വ്യാജമായ അല്ലെങ്കിൽ സാധുവല്ലാത്ത ബാലറ്റാണെങ്കിൽ, യഥാർഥ ബാലറ്റാണെന്നു തിരിച്ചറിയാൻ കഴിയാത്ത വിധം കേടുപാടുകൾ ഉള്ളതാണെങ്കിൽ, വരണാധികാരി നൽകിയ 13സി-യിലുള്ള കവറിലല്ല തിരിച്ചുവന്നതെങ്കിൽ, ഏതു സ്ഥാനാർഥിക്കാണ് വോട്ട് എന്ന് നിർണയിക്കുന്നതിന് കഴിയാതെ വന്നാൽ, വോട്ടറെ തിരിച്ചറിയാൻ സഹായകമാകുന്ന അടയാളം വല്ലതുമുണ്ടെങ്കിൽ തുടങ്ങിയ കാരണങ്ങളാലാണ് ഈ ഘട്ടത്തിൽ വോട്ടു നിരസിക്കപ്പെടുക.

അന്തിമഫലം പ്രഖ്യാപിക്കുമ്പോൾ ജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ആകെ ലഭിച്ച തപാൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ എല്ലാ തപാൽ വോട്ടുകളും നിർബന്ധമായും വരണാധികാരി, നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ പുനഃപരിശോധിക്കും. ഈ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കും. എന്നാൽ വോട്ടിങിലെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല എന്നും ഉറപ്പാക്കണം. പകർത്തിയ രംഗം പൂർണ്ണമായും ലേഖനം ചെയ്ത രേഖ പ്രത്യേക കവറുകളിൽ ഭാവിയിൽ ആവശ്യമായി വന്നേക്കാവുന്ന പരിശോധയ്ക്കായി മുദ്രവെച്ച് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.

Last Updated : May 14, 2019, 8:42 PM IST

ABOUT THE AUTHOR

...view details