ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ഡോമിസ്റ്റില്യറി കൊവിഡ് സെന്‍റര്‍ (ഡി. സി.സി) പ്രവര്‍ത്തനം ആരംഭിച്ചു. കരിക്കാട് പാരിഷ് ഹാളില്‍ ആരംഭിച്ച കോവിഡ് സെന്‍ററിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.ഷാജിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുള സുരേഷും ചേര്‍ന്നു നിര്‍വഹിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കുള്ള ക്വാറന്‍റൈയിന്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. 90 ബെഡുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്ന വീടുകളിൽ ഐസൊലേഷനുള്ള സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനാണ് പഞ്ചായത്ത് ഡി.സി.സി. സെന്‍റർ ആരംഭിച്ചിരിക്കുന്നത്.
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഡോമിസ്റ്റില്യറി കൊവിഡ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു - ആലപ്പുഴ കൊവിഡ്
90 ബെഡുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്
ഡോക്ടര്‍മാരുടെയോ നഴ്‌സുമാരുടെയോ സേവനം ഡി.സി.സി. സെന്‍ററിർ ഉണ്ടാകില്ല. എന്നാൽ വോളന്‍റിയർമാരുടെ സേവനവും ഭക്ഷണ സൗകര്യവും ഉണ്ടാകും. ഏതെങ്കിലും ഘട്ടത്തില്‍ പോസിറ്റീവ് ആയിട്ടുള്ള രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ അവരെ സി.എഫ്.എല്‍.റ്റി.സികളിലേക്ക് മാറ്റും. പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു. രോഗം വന്നു ഭേദമായവര്‍ക്ക് 'പുനര്‍ജനി' എന്ന പേരില്‍ ആയുര്‍വേദ കിറ്റ് നല്‍കും. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന വാക്‌സിൻ രജിസ്‌ട്രേഷന്‍ ക്യാമ്പ് വാര്‍ഡ് അടിസ്ഥാനത്തില്‍ പുനക്രമീകരിച്ചതായും പഞ്ചായത്ത് അറിയിച്ചു.