കേരളം

kerala

ETV Bharat / state

തകഴി പ്രാഥമികാരോഗ്യകേന്ദ്രം ഇനി തകഴി മോഡല്‍ കൊവിഡ് സെയ്‌ഫ് ഹോസ്പിറ്റൽ - THAKAZHY_PHC

ആശുപത്രി ജീവനക്കാരുമായി യാതൊരു സമ്പര്‍ക്കവും വരാതെ തന്നെ രോഗികള്‍ക്ക് ആശുപത്രിയില്‍ വന്ന് ചികില്‍സ കഴിഞ്ഞ് മടങ്ങാവുന്നതാണ്.

THAKAZHY_PHC_COVID_CARE_HOSPITAL  തകഴി മോഡല്‍ കൊവിഡ് സെയ്ഫ് ഹോസ്പിറ്റൽ  തകഴി പ്രാഥമികാരോഗ്യകേന്ദ്രം  THAKAZHY_PHC  COVID_CARE_HOSPITAL
തകഴി

By

Published : Jul 30, 2020, 9:04 PM IST

ആലപ്പുഴ: തകഴി പ്രാഥമികാരോഗ്യകേന്ദ്രം ഇനി തകഴി മോഡല്‍ കോവിഡ് സെയ്‌ഫ് ഹോസ്പിറ്റല്‍. ഇവിടെ വരുന്ന രോഗികള്‍ക്ക് ഈ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് രോഗമുണ്ടാകില്ല. ഇതിനായി ആശുപത്രിയില്‍ പുതിയ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യമായി രോഗികള്‍ ഫ്രണ്ട് ഓഫീസിൽ എത്തണം. അവിടെ നിന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നതാണ്. തുടര്‍ന്ന് രോഗികള്‍ അവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക വഴികളിലൂടെയാണ് ഡോക്ടറെ കാണാന്‍ ഒ.പിയിലേക്ക് പോകുക. ഡോക്ടറും രോഗിയും തമ്മില്‍ വായുസമ്പര്‍ക്കം ഉണ്ടാകാത്ത വിധത്തില്‍ ഗ്ലാസ് പാര്‍ട്ടീഷ്യനുള്ള കിയോസ്‌കുകളാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ ഡോക്ടര്‍ക്ക് രോഗിയുടെ പ്രഷര്‍ നോക്കുന്നതിനും സ്റ്റെതസ്‌കോപ് ഉപയോഗിച്ച് രോഗിയെ പരിശോധിക്കുന്നതിനും കിയോസ്‌കിലെ ഫിക്‌സഡ് ഗ്ലൗസിലൂടെ രോഗിയെ ആവശ്യമെങ്കില്‍ തൊട്ട് പരിശോധിക്കാനും സാധിക്കും. ഡോക്ടര്‍ക്കും രോഗിക്കും പരസ്പരം സംസാരിക്കുന്നതിനായി ഇരുവശത്തും മൈക്കും സ്പീക്കറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മരുന്ന് എഴുതി ഫാര്‍മസിയിലേക്ക് ഇന്‍റര്‍നെറ്റ് മുഖാന്തരം അയയ്ക്കും.

ലാബ് പരിശോധനകള്‍ ആവശ്യമുള്ള രോഗികള്‍ക്കുള്ള ടെസ്റ്റുകള്‍ ഡോക്ടര്‍ ഇന്‍റര്‍നെറ്റ് മുഖാന്തരം ലാബിലേക്ക് അയക്കും. ലാബ് ടെസ്റ്റ് ആവശ്യമില്ലാത്ത രോഗികള്‍ക്ക് നേരെ ഫാര്‍മസിയിലേക്ക് പോകാം. ഫാര്‍മസിയില്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ രോഗിയുടെ മുന്നിലിരിക്കുന്ന ബാസ്‌കറ്റിലേക്ക് മരുന്നും ഒ.പി ചീട്ടും വരും. തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസറില്‍ നിന്നും കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷം രോഗികള്‍ക്ക് മരുന്നും ഒപി ടിക്കറ്റും എടുത്തു കൊണ്ട് പോകാവുന്നതാണ്. ലാബ് ടെസ്റ്റുകള്‍ക്ക് അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന കിയോസ്‌കുകള്‍ വഴി വായു സമ്പര്‍ക്കമില്ലാതെ ബ്ലഡ് എടുക്കാവുന്നതാണ്. തുടര്‍ന്ന് റിസള്‍ട്ട് ഡോക്ടറുടെ മൊബൈലിലേക്കും രോഗിയുടെ മൊബൈലിലേക്കും അയക്കും. മൊബൈല്‍ ഇല്ലാത്തവരുടെ റിസള്‍ട്ട് ഫ്രണ്ട് ഓഫീസിലേക്ക് അയക്കുന്നതാണ്. ഫ്രണ്ട് ഓഫീസില്‍ നിന്നും റിസള്‍ട്ടിന്‍റെ പകർപ്പ് ആവശ്യമുള്ള രോഗികള്‍ക്ക് ലഭിക്കുന്നതാണ്. അവിടെയും വീല്‍ സിസ്റ്റം വഴി റോപ്പിലൂടെ രോഗിയുടെ അടുത്തേക്ക് റിസള്‍ട്ടിന്‍റെ പകർപ്പ് നൽകും.

ആശുപത്രി ജീവനക്കാരുമായി യാതൊരു സമ്പര്‍ക്കവും വരാതെ തന്നെ രോഗികള്‍ക്ക് ആശുപത്രിയില്‍ വന്ന് ചികില്‍സ കഴിഞ്ഞ് മടങ്ങാവുന്നതാണ്. ആശുപത്രി ജീവനക്കാര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടാകാതിരിക്കാൻ ഓരോ വിഭാഗം ജീവനക്കാര്‍ക്കും അവരവരുടെ റൂമിലേക്ക് പോകുന്നതിനായി പ്രത്യേകം വഴികള്‍ നിര്‍മിച്ചിട്ടുണ്ട്. അതുവഴി ജീവനക്കാര്‍ക്കിടയിൽ രോഗ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുന്നു. മെഡിക്കൽ ഓഫീസർ കെ. ഷിബു സുകുമാരൻ, ആരോഗ്യ പ്രവർത്തകരായ ബെൻസി ബാബു, സണ്ണി പി.പി. എന്നിവരാണ് ഈ ആശയം അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അംബികാ ഷിബു ആശുപത്രി ഉദ്ഘാടനം നിർവഹിച്ചു.

ABOUT THE AUTHOR

...view details