ആലപ്പുഴ : ഹരിപ്പാട് മധ്യവയസ്‌കൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയെ സാഹസികമായി വലയിലാക്കി പൊലീസ് (Haripad Murder Prime Accused Arrested). ഉത്രാട നാളിൽ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം (Retired army man killed neighbor by his gun). വിരമിച്ച പട്ടാളക്കാരൻ കൂടിയായ പ്രസാദ് (52) എന്ന പ്രതി വാക്കുതർക്കത്തിനിടെ അയൽവാസിയായ സോമൻ (55) എന്നയാൾക്കുനേരെ തന്‍റെ ഡബിൾ ബാരൽ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രസാദ് ഒളിവിൽ പോയി. ഇതിനിടെ ഇയാൾ തോക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് (Kerala Police) ലഭിച്ചിരുന്നു.
തിരുവോണ ദിവസം രാത്രി 12 മണിക്ക് തൃപ്പകുടം ഭാഗത്ത് വച്ച് പൊലീസിനെ കണ്ട് ഓടിയ പ്രതി തൊട്ടടുത്തുള്ള വലിയ കാവു പോലുള്ള പ്രദേശത്തേക്ക് കയറി. പൊലീസ് ആ പ്രദേശം വളയുകയും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയും ചെയ്‌തു. ഈ സമയം ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതിയും, ഒന്നാം പ്രതിയുടെ സഹോദരനുമായ പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കുറവന്ദര വീട്ടിൽ ഹരിദാസ് (46)നെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ പ്രസാദിനെ കണ്ടെത്താനായിരുന്നില്ല.
എങ്കിലും പ്രസാദ് ആ പ്രദേശത്തു തന്നെ ഉണ്ടെന്ന് ഉറപ്പിച്ച ഹരിപ്പാട് സിഐ ശ്യാംകുമാർ വി എസിന്‍റെയും വിയപുരം സിഐ മനുവിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശം വളയുകയും മഫ്‌തിയിലുള്ള പൊലീസുകാരടക്കം ചേർന്ന് ഡ്രോൺ ഉപയോഗിച്ച് പ്രദേശത്താകെ നിരീക്ഷണം നടത്തുകയും ചെയ്‌തു. ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുടെ ചിത്രം ഉൾപ്പെടെ പുറത്ത് വന്നതിനാൽ എല്ലാ പഴുതുകളും അടഞ്ഞിരുന്നു.