ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമന്റെ വിവാദ നിയമനത്തിനെതിരെ സമസ്‌ത നേതൃത്വം. ജില്ല കലക്‌ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം സമസ്‌തയുടേയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ കലക്‌ടറേറ്റ് ഉപരോധിച്ചു. ആലപ്പുഴ ജില്ല കലക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച ഉത്തരവ് പുറത്തിറങ്ങിയത് മുതൽ സംസ്ഥാന സർക്കാരിനെതിരായി വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ വിവാദ നിയമനത്തിൽ സർക്കാരിനോട് ഇടഞ്ഞ് സമസ്ത ; ആലപ്പുഴയില്‍ ശക്തമായ പ്രതിഷേധം - സുന്നി സംഘടനകള്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടത്തിയ പ്രതിഷേധം
ശ്രീറാം വെങ്കിട്ടരാമനെ കലക്‌ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സുന്നി സംഘടനകള്‍
കോൺഗ്രസ്, മുസ്ലിംലീഗ് എന്നീ പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ എൽഡിഎഫുമായി ആഭിമുഖ്യം പുലർത്തുന്ന മതസംഘടനയായ കാന്തപുരം വിഭാഗവും എതിരായത് സർക്കാരിന് വൻ തിരിച്ചടിയായി. പ്രതിഷേധം സമസ്തയുടെ ജില്ല പ്രസിഡന്‍റ് ഹാമിദ് ബാഫ്ഖി തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ശ്രീറാമിനെ തിരിച്ചുവിളിച്ചില്ലെങ്കിൽ ജനങ്ങൾ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
ക്രിമിനൽ കേസിലെ പ്രതി ജില്ല ഭരിക്കാൻ പാടില്ല. ശ്രീറാം വെങ്കിട്ടരാമൻ കളങ്കിതനാണ്. കലക്‌ടര്‍ നിയമനം റദ്ദാക്കുക. കെ എം ബഷീറിന് നീതി വേണം. എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായാണ് സുന്നി സംഘടനകൾ സംയുക്തമായി ഉപരോധ സമരം സംഘടിപ്പിച്ചത്. നിയമന ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് സുന്നി സംഘടനകളുടെ തീരുമാനം.