ആലപ്പുഴ: സുകുമാരക്കുറുപ്പിനെക്കുറിച്ച് കൂടുതൽ അറിയാൻ സിനിമ സഹായിച്ചെന്ന് കൊല്ലപ്പെട്ട ഫിലിം റെപ്രസന്‍റേറ്റീവ് ചാക്കോയുടെ മകൻ ജിതിൻ ചാക്കോ. ആലപ്പുഴ പാൻ സിനിമാസിൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ചിത്രം കണ്ട ശേഷമായിരുന്നു ജിതിന്‍റെ പ്രതികരണം.
ഒരുപാട് ആരാധിക്കുന്ന ദുൽഖർ സൽമാൻ ആണ് തന്‍റെ അച്ഛന്‍റെ കൊലയാളിയുടെ വേഷം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ ദേഷ്യവും സങ്കടവും തോന്നി. പിന്നാലെ ടീസർ വന്നപ്പോൾ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. സിനിമയിൽ കുറുപ്പിനെ മഹത്വവൽക്കരിക്കാനാണ് ശ്രമമെന്ന് കരുതിയാണ് അണിയറ പ്രവർത്തകർക്ക് താൻ വക്കീൽ നോട്ടീസ് അയച്ചതെന്ന് ജിതിൻ ചാക്കോ പറയുന്നു.
സുകുമാരക്കുറുപ്പിനെക്കുറിച്ച് കൂടുതലറിഞ്ഞു; അച്ഛന്‍റെ കൊലയാളിയെ മഹത്വവൽക്കരിച്ചിട്ടില്ല: ജിതിൻ ചാക്കോ എന്നാൽ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പും പൂർത്തിയായ ശേഷവുമുള്ള ഭാഗങ്ങൾ അണിയറ പ്രവർത്തകർ പ്രിവ്യൂ കാണിച്ചുതന്നു. എന്നാൽ ചിത്രത്തിൽ സുകുമാരകുറുപ്പിനെ വെള്ളപൂശുന്നില്ല. ദുൽഖർ കുറുപ്പായി വേഷമിട്ട് വരുമ്പോൾ അച്ഛനെ കൊന്നത് ഒന്നുമല്ലാതെയാകുമോ എന്ന ആശങ്കയായിരുന്നു. പക്ഷെ അങ്ങനെയൊന്നുമില്ലെന്ന് മനസിലായി. അമ്മയും ഞാനും ദുൽഖറിനെ കണ്ടിരുന്നുവെന്നും ജിതിൻ പറഞ്ഞു.
തന്‍റെ ആവശ്യം അപ്പന്‍റെ കൊലയാളി നാളെ സമൂഹത്തിനു മുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. സിനിമ കണ്ടപ്പോൾ വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ ഉണ്ടെന്ന് മനസിലായി. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നതെന്നും പൂർണമായും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് സിനിമയെന്നും ജിതിൻ അഭിപ്രായപ്പെട്ടു.
കൊലപാതകവും കേസന്വേഷണം നടക്കുമ്പോൾ താൻ ജനിച്ചിട്ടില്ല. പലരിൽ നിന്നായി അറിഞ്ഞതും പറഞ്ഞുകേട്ടതുമായ വിവരങ്ങൾ മാത്രമാണ് തനിക്ക് അറിവുള്ളത്. കേസന്വേഷണത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ കഴിയില്ല. എന്നാൽ അന്വേഷണ സംഘം രഹസ്യമായി നടത്തുന്ന അന്വേഷണത്തിൽ നിന്ന് പോലും സുകുമാരക്കുറുപ്പ് രക്ഷപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏതെങ്കിലും നിലയിൽ പോലീസുകാരുടെ സഹായം ലഭിക്കാതെ സുകുമാരക്കുറുപ്പ് രക്ഷപ്പെടില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ജിതിൻ പറഞ്ഞു.
Also Read: പണത്തിന് മീതെ പറന്ന 'മോസ്റ്റ് വാണ്ടഡ് (Most Wanted)' സുകുമാര കുറുപ്പ് വീണ്ടും വരുമ്പോൾ