കേരളം

kerala

ETV Bharat / state

തെക്കേക്കര എല്‍പി സ്കൂളിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വിദ്യാർഥികൾ - ആലപ്പുഴ

വിദ്യാലയത്തിന്‍റെ ശോച്യാവസ്ഥക്കെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. സ്കൂളിന്‍റെ അവസ്ഥ നേരിട്ട് കണ്ട് വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം.

സ്കൂളിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ കലക്ടർ ഇടപെടണമെന്ന് തെക്കേക്കര ഗവൺമെന്‍റ് എൽ പി സ്കൂൾ വിദ്യാർഥികൾ

By

Published : Nov 29, 2019, 2:32 AM IST

Updated : Nov 29, 2019, 11:35 AM IST

ആലപ്പുഴ:ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ തെക്കേക്കര ഗവൺമെന്‍റ് എൽ പി സ്കൂളിന്‍റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് വിദ്യാർഥികളും അധ്യാപകരും. ഏതുനിമിഷവും നിലംപതിക്കാവുന്ന സ്‌കൂൾ കെട്ടിടമാണ് വിദ്യാർഥികളേയും അധ്യാപകരേയും ഭയപ്പെടുത്തുന്നത്. ശൗചാലയം ഉൾപ്പെടെ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളുമില്ല. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാകും. കഴിഞ്ഞ പ്രളയത്തില്‍ കമ്പ്യൂട്ടറും ഫാനും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വെള്ളം കയറി നശിച്ചിരുന്നു. എൽകെജി മുതൽ നാലാം ക്ലാസ് വരെ മുപ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ പ്രഥമ അധ്യാപകനും ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപികയും ഉൾപ്പെടെ നാല് അധ്യാപകരാണുള്ളത്. കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ ആവശ്യമായ ബെഞ്ചും ഡെസ്കും ഇല്ലെന്നു മാത്രമല്ല കളിസ്ഥലമോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ല. കൽപ്പറ്റയിലെ ഷഹല ഷെറിന്‍റെ മരണത്തെത്തുടർന്ന് അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് ക്ലാസ് റൂമുകളിലെ കുഴികൾ നികത്തി. 2018 - 2019 സാമ്പത്തിക വർഷത്തിലെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി പ്രകാരം എൻടിപിസി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകിയെങ്കിലും പഞ്ചായത്തിന്‍റെ അനുമതിയും കെട്ടിട നമ്പരും ലഭിച്ചില്ല. പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ അനുവദിക്കാൻ അധികൃതർ കനിയണമെന്നാണ് വിദ്യാർഥികൾ പറയുന്നത്.

തെക്കേക്കര എല്‍പി സ്കൂളിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വിദ്യാർഥികൾ

പ്രഥമ അധ്യാപകനും ടീച്ചർമാരും ഇരിക്കുന്ന അതേ മുറിയിൽ തന്നെയാണ് ലൈബ്രറിയും പഠനോപകരണങ്ങളും മറ്റ് ഓഫീസ് രേഖകളും സൂക്ഷിച്ചിരിക്കുന്നതെന്ന് പ്രഥമ അധ്യാപകൻ രാജേഷ് കുമാർ പറയുന്നു. പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും നായ ശല്യവും രൂക്ഷമായതോടെ കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റാനുള്ള തീരുമാനത്തിലാണ് ചില രക്ഷകർത്താക്കൾ. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാല്‍ സ്ഥലവും കെട്ടിടവും നാട്ടുകാർ പൊതുവഴിയായി ഉപയോഗിക്കുന്നുണ്ടെന്നും പ്രഥമ അധ്യാപകൻ പറയുന്നു. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ സ്കൂൾ തങ്ങളുടെ താവളമാകുന്നു എന്നും മദ്യക്കുപ്പികൾ വരെ ക്ലാസ് മുറിയിൽ നിന്ന് വൃത്തിയാക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും കുട്ടികൾ പറയുന്നു.

Last Updated : Nov 29, 2019, 11:35 AM IST

ABOUT THE AUTHOR

...view details