ആലപ്പുഴ:പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യോഗ്യരായ മുഴുവൻ പേർക്കും അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിൽ എസ്.എസ്.എൽ.സി - പ്ലസ് ടു എം.എൽ.എ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രതികരണം. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ഒരു വിദ്യാർഥിക്ക് പോലും ഉപരിപഠനത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തും.
ALSO READ:കോട്ടയത്ത് എല്‍ഡിഎഫിനെ ബിജെപി പിന്തുണയ്‌ക്കും; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും
വിഷയത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ലിസ്റ്റിന്‍റെ തിയ്യതിയും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ, മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് അധികമുള്ള ജില്ലകളിൽ നിന്ന് കുറവുള്ള ജില്ലകളിലേക്ക് കൊടുക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.