കേരളം

kerala

By

Published : Dec 19, 2019, 9:37 PM IST

ETV Bharat / state

ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമരം ശക്തിപെടണം: മുഖ്യമന്ത്രി

സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ കടപ്പുറത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഭരണഘടന തകർക്കാൻ  സമരം ശക്തിപെടണം മുഖ്യമന്ത്രി  സിഐടിയു സംസ്ഥാന സമ്മേളനം  മനുഷ്യചങ്ങല
ഭരണഘടന

ആലപ്പുഴ:രാജ്യം നേരിടുന്ന ദുരന്ത നീക്കത്തെ നേരിടാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജനുവരി 26ന് തീർക്കുന്ന മനുഷ്യചങ്ങലയിൽ എല്ലാ വിഭാഗവും പങ്കെടുക്കണം. ഇത്തരം പ്രതിഷേധങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും രാജ്യത്തിന്‍റെ ആകെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

രാജ്യത്തിന്‍റെ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും തകർക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമരം ശക്തിപെടണം: മുഖ്യമന്ത്രി

രാജ്യത്തിന്‍റെ മതനിരപേക്ഷത തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് ആദ്യം ചെയ്യേണ്ടത് ഭരണഘടന തകർക്കുകയാണ്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്‍റെ അജണ്ടയാണ് മോദി സർക്കാർ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജമ്മു കശ്‌മീർ, ബാബരി മസ്‌ജിദ്, മുത്തലാഖ്, പൗരാവകാശ നിയമം, പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷങ്ങളിലെല്ലാം പ്രതിഫലിക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. പൗരത്വം നിശ്ചയിക്കുന്നതിന്‍റെ അടിസ്ഥാനം മതമായി മാറ്റുന്നു. ഇന്ത്യയെ ഒരു പ്രത്യേക മതവിഭാഗത്തിന്‍റേതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. അതിനെതിരെ സ്വാഭാവികമായി പ്രതിഷേധമുയരും. വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭരംഗത്ത് വന്നത് ശുഭസൂചനയാണ്.

കേന്ദ്ര സർക്കാർ കൈവിട്ട കളിയാണ് നടത്തുന്നത്. മതനിരപേക്ഷതയും ജനാധിപത്യവും ഉറപ്പ് നൽകുന്ന ഭരണഘടനയെ സംരക്ഷിക്കണം. അത് തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ യോജിച്ച നീക്കം അനിവാര്യമാണ്. ഈ രാജ്യം നമുക്ക് വിലപ്പെട്ടതാണ്. ഭരണഘടന തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത സമരം ശക്തിപെടണം.

രാജ്യത്തിന്‍റെ ഒരു വിഭാഗത്തിന് ഇന്‍റർനെറ്റ്‌ നിഷേധിച്ചിരിക്കുന്നു. സാമ്പത്തിക മാന്ദ്യം രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുന്നു. കർഷകർ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണെന്നും രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേറ്റുകളെ സഹായിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വാശിയോടെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ കടപ്പുറത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്തി.

ABOUT THE AUTHOR

...view details