ആലപ്പുഴ:മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് യൂണിയൻ പിരിച്ചുവിട്ടത്. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. നിലവിലെ പ്രസിഡൻ്റ് സുഭാഷ് വാസു ഉൾപെടുന്ന ഭാരവാഹികളെയാണ് പിരിച്ചുവിട്ടത്. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് വരെ പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സിനിൽ മുണ്ടപ്പള്ളി അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കും.
എസ്എൻഡിപിയിൽ പൊട്ടിത്തെറി; മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടു - SNDP mavelikkara unit
സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്തായി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും വൻ സാമ്പത്തിക അഴിമതിയാണുള്ളതെന്നും സുഭാഷ് വാസു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മൈക്രോ ഫിനാൻസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമ്മറ്റിയെ പിരിച്ച് വിട്ട് വെള്ളാപ്പള്ളി നടേശൻ നടപടി സ്വീകരിച്ചത്. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്തായി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും വൻ സാമ്പത്തിക അഴിമതിയുണ്ടെന്നും സുഭാഷ് വാസു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുഭാഷ് വാസുവും മാവേലിക്കര യൂണിയനുമായും ബന്ധപ്പെട്ട സാമ്പത്തിക കേസിലെ അസ്വാരസ്യങ്ങളാണ് പുതിയ നീക്കത്തിന് പിന്നിൽ. പതിമൂന്ന് വർഷത്തോളം എസ്എൻഡിപി യോഗത്തിൽ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായാണ് സുഭാഷ് വാസു അറിയപ്പെട്ടിരുന്നത്.
വിഷയത്തിൽ തൽക്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് വെള്ളാപ്പളളി പറഞ്ഞു. എന്നാൽ സംഘടനയിലെ മറ്റ് അസംതൃപ്തരെ ഒന്നിപ്പിച്ച് പരസ്യപോരാട്ടത്തിന് ഒരുങ്ങുകയാണ് സുഭാഷ് വാസു. 136 യൂണിയനുകളിൽ 90 എണ്ണത്തിൻ്റെ പിന്തുണയാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍ 10 യൂണിയനുകളുടെ പിന്തുണ പോലും വിമത വിഭാഗത്തിന് ഇല്ലെന്ന് ഔദ്യോഗിക വിഭാഗവും പ്രതികരിച്ചു. മുൻ ഡിജിപി ടി പി സെൻകുമാറും വിമത നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നും ഔദ്യോഗിക വിഭാഗം ആരോപിച്ചു. നിലവിൽ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും സ്‌പൈസസ് ബോർഡ് ചെയർമാനുമാണ് സുഭാഷ് വാസു.